gnn24x7

ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

0
232
gnn24x7

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായി യാത്രക്കാര്‍ക്കും വിമാനത്താവളങ്ങള്‍ക്കുമായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ മാര്‍ഗേഖയും പുറത്തുവന്നത്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നവര്‍ക്കും പ്രവാസി യാത്രക്കാര്‍ക്കും ബാധകമാണ്. യാത്രചെയ്യുന്നവര്‍ യാത്രയിലും എയര്‍പോര്‍ട്ടിലെത്തുമ്പോളും അറിഞ്ഞിരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളാണ് ചുവടെ:

  • എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ നിര്‍ബന്ധമായും ഒരു തെര്‍മല്‍ സ്‌ക്രീനിംഗ് സോണിലൂടെ നടക്കണം.
  • നേരത്തെ വിമാനത്താവളത്തില്‍ എത്തണം. ഫ്‌ളൈറ്റ് സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് വിമാനത്താവളത്തിലെത്തേണ്ടത്.
  • യാത്രക്കാര്‍ മാസ്‌കും കയ്യുറകളും ധരിക്കണം.
  • ആരോഗ്യ സേതു ആപ്പില്‍ ഗ്രീന്‍ എന്ന് കാണിക്കാത്തവരെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.
  • 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമല്ല.
  • ടെര്‍മിനലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ബാഗുകള്‍ ശുചിയാക്കണം.
ഇരിപ്പിട ക്രമീകരണങ്ങള്‍:
  • ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ യാത്രക്കാരുടെ ബാഗേജ് ശുചീകരിക്കുന്നതിന് ഉചിതമായ ക്രമീകരണം നടത്തണം
  • യാത്രക്കാര്‍ സ്പര്‍ശിക്കാനിടയുള്ള സ്ഥലങ്ങളിലെല്ലാം അതായത് കൌണ്ടറുകളിലും മറ്റും ഫെയ്‌സ് ഷീല്‍ഡുകള്‍ ധരിക്കാനോ കൌണ്ടറുകളില്‍ ഗ്ലാസ് മതിലുകള്‍ ഉണ്ടാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
  • സാമൂഹിക അകലം, മറ്റ് മാനദണ്ഡങ്ങള്‍ എന്നിവ കൃത്യമായി പാലിക്കുന്നതിനുള്ള അനൗണ്‍സ്‌മെന്റുകള്‍ നടത്തണം.
  • സാമൂഹിക അകലം പാലിക്കുന്നതിന് ബാച്ചുകളായി ബോര്‍ഡിംഗ് നടത്തും.
  • മാര്‍ക്കറുകള്‍ / ടേപ്പുകള്‍ ഉപയോഗിച്ച് ഉപയോഗിക്കരുതാത്ത സീറ്റുകള്‍ അടയാളപ്പെടുത്തണം.
  • കസേരകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കുന്ന തരത്തില്‍ യാത്രക്കാരുടെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.
എയര്‍പോര്‍ട്ട് ജീവനക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
  • എല്ലാ എയര്‍പോര്‍ട്ട് സ്റ്റാഫുകളും പിപിഇകള്‍ ധരിക്കേണ്ടതാണ്.
  • ടെര്‍മിനല്‍ കെട്ടിടത്തിലും ലോഞ്ചുകളിലും പത്രങ്ങളും മാസികകളും നല്‍കരുത്.
  • ഹാന്‍ഡ് സാനിറ്റൈസറുകള്‍ കൈയില്‍ കരുതണം.
  • യാത്രാ സമയത്തിന് നാല് മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് ടെര്‍മിനലുകളില്‍ പ്രവേശിക്കാം.
  • സംസ്ഥാന സര്‍ക്കാരുകളും ഭരണകൂടങ്ങളും യാത്രക്കാര്‍ക്കും എയര്‍ലൈന്‍ ജീവനക്കാര്‍ക്കും പൊതുഗതാഗതവും സ്വകാര്യ ടാക്‌സികളും ഉറപ്പാക്കണം.
  • പ്രത്യേക കേസുകളില്‍ ഒഴികെ ട്രോളികള്‍ അനുവദിക്കില്ല.
gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here