gnn24x7

ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥ

0
205
gnn24x7

ജൈവകൃഷിയ്ക്കായി ബാങ്കുദ്യോഗം അവസാനിപ്പിച്ചു; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 12 കോടി. ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥയാണിത്. പൂനെയ്ക്ക് സമീപമുള്ള ഭോധാനി എന്ന ഗ്രാമത്തിലാണ്  സത്യജിത് ഹാന്‍ഗെയുടെയും അജിങ്ക്യാ ഹാന്‍ഗെയുടെയും ജൈവ കൃഷിയിടം. ഈ ഫാമില്‍ നിന്നും പ്രതിവര്‍ഷം ഇവര്‍ സമ്പാദിക്കുന്നത് 12 കോടി രൂപയാണ്. 

2014ലാണ് ജൈവകൃഷി ആരംഭിക്കുന്നതിനായി ഇവര്‍ ബാങ്കുദ്യോഗം വേണ്ടെന്ന് വച്ചത്. Two Brothers Organic farm (TBOF) എന്നാണ് ഇവരുടെ ഫാമിന്‍റെ പേര്. കാർഷിക പശ്ചാത്തലത്തിൽ ജനിച്ചു വളര്‍ന്നവരാണെങ്കിലും കുടുംബം ഇരുവരുടെയും പഠനത്തിനാണ് പ്രാധാന്യം നല്‍കിയത്. അതുക്കൊണ്ട് തന്നെ കൃഷിയുമായി ഇവര്‍ക്ക് യാതൊരുവിധ ബന്ധമുണ്ടായിരുന്നില്ല. 

സ്കൂള്‍ പഠനവും കോളേജ് പഠനവുമെല്ലാം പൂനെയില്‍ തന്നെ പൂര്‍ത്തിയാക്കിയ ഇവര്‍ കുറച്ചുനാള്‍ ഇവിടെ ജോലി ചെയ്തിരുന്നു. അതിനു ശേഷം എട്ടു വര്‍ഷത്തോളം വിവിധ നഗരങ്ങളിലായി ഇവര്‍ ജോലി ചെയ്തു.  ”കൃഷിയില്‍ നിന്നും ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അതുക്കൊണ്ട് തന്നെയാണ് ബാങ്കിലെ ജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. പൂര്‍ണ മനസോടെയാണ് ഇപ്പോള്‍ ഞങ്ങള്‍ കൃഷി ചെയ്യുന്നത്.” -സത്യജിത് പറയുന്നു. 

ജൈവ കൃഷിയുടെയും ഫാമുകളുടെയും ഉൽപാദനക്ഷമത ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്ന് കൃഷിക്കാരില്‍ നിന്നും തുടക്കത്തില്‍ തന്നെ മനസിലാക്കിയ ഇവര്‍ അതേപ്പറ്റി പഠിക്കാന്‍ തീരുമാനിച്ചു. ”ഞങ്ങള്‍ക്ക് ജൈവ കൃഷിയെ കുറിച്ച് അറിവുണ്ടായിരുന്നു. എന്നാല്‍, ഞങ്ങള്‍ക്ക് ചുറ്റും ആരും തന്നെ അത് പ്രാവര്‍ത്തികമാക്കാന്‍ തയാറായിരുന്നില്ല. പിന്നീട് പാരമ്പര്യേതര കൃഷി ചെയ്യുന്ന ഇന്ത്യയിലുടനീളമുള്ള കർഷകരെ ഞങ്ങൾ കണ്ടു.” -സത്യജിത് പറഞ്ഞു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഗ്രാമങ്ങളില്‍ ജൈവകൃഷിതോട്ടങ്ങള്‍ ഉണ്ടെങ്കിലും സാമ്പത്തികമായി അവ ലാഭകരമായിരുന്നില്ല. ‘രാസവളങ്ങളുടെ ദോഷഫലങ്ങളെക്കുറിച്ച് മനസിലാക്കിയതോടെ അവ ഞങ്ങള്‍ ഉപേക്ഷിച്ചു. പിന്നീട് ചാണകമായിരുന്നു പ്രധാന വളം.’ -സത്യജിത് പറയുന്നു. ചാണകം പോലുള്ള പരമ്പരാഗത വളം മണ്ണിലെ സൂക്ഷ്മ, മാക്രോ പോഷകങ്ങൾ ചെടികളിലേക്ക് എത്തിക്കുന്നു. ഇതിനു പുറമേ ജൈവ മാലിന്യങ്ങളും കൃഷിക്കായി ഉപയോഗിച്ചു. 

മോണോ-ക്രോപ്പിംഗ് ഒരു പ്രത്യേക പോഷകത്തില്‍ കുറവ് വരുത്തുമ്പോള്‍ പോളി-ക്രോപ്പിംഗ് മണ്ണിന്റെ ഫലഭൂയിഷ്ഠത, മണ്ണിന്റെ കണികകളുടെ വലിപ്പം, വെള്ളം നിലനിർത്താനുള്ള ശേഷി എന്നിവ വർദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.  കാർഷിക ജൈവവൈവിധ്യത്തെ വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഓമയ്ക്കയായിരുന്നു ആദ്യ കൃഷിയിനം. കാണുമ്പോള്‍ അത്ര ആകര്‍ഷകമായിരുന്നില്ലെങ്കിലും അസാധ്യ മധുരമായിരുന്നു ഓമയ്ക്ക പഴത്തിനുണ്ടായിരുന്നത് എന്നാണ് സത്യജിത് പറയുന്നത്.

ആകര്‍ഷകമായി തോന്നാത്തത് കൊണ്ടുതന്നെ മാര്‍ക്കറ്റില്‍ പ്രതീക്ഷിച്ച വിലയും ഇതിന് കിട്ടിയില്ല. പിന്നീടാണ് ടി‌ബി‌ഒ‌എഫ് എന്ന ബ്രാന്‍ഡ്‌ വികസിപ്പിക്കാന്‍ തീരുമാനിച്ചത്. മാളുകളിലും മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ ഷോപ്പുകളിലും ഇവര്‍ ഉത്പന്നങ്ങള്‍ കൊണ്ടെത്തിച്ചു. നാലുവർഷത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷം അവര്‍  സ്വന്തമായി വളങ്ങളും കീടനാശിനികളും വികസിപ്പിക്കാന്‍ ആരംഭിച്ചു. ഇത് കാർഷിക ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിച്ചു. 

”പ്രാദേശിക വിപണിയെക്കാൾ നാലിരട്ടി വരുമാനമാണ് ഇതിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചത്.” -സത്യജിത് വ്യക്തമാക്കി.  ക്രമേണ, ടി‌ബി‌ഒ‌എഫ്ഫിന്റെ പ്രവര്‍ത്തങ്ങള്‍ ഇന്ത്യയിലുടനീള൦ ശ്രദ്ധിക്കാന്‍ തുടങ്ങി. 14 രാജ്യങ്ങളിൽ നിന്നുമുള്ള സന്ദര്‍ശകര്‍ ഫാം കാണാനായി എത്തി. കാർഷിക രീതികളെക്കുറിച്ച് കൂടുതലറിയാൻ മഹാരാഷ്ട്ര സർക്കാർ കർഷകരെ ഇവരുടെ ഫാമിലേക്ക് അയച്ചു.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഏകദേശം 9,000 ത്തിലധികം കർഷകർക്കാണ് ഈ സഹോദരന്മാര്‍ ജൈവകൃഷിയിൽ പരിശീലനം നൽകിയത്. കൂടാതെ, കര്‍ഷകരുടെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കുന്ന ഇവര്‍ എങ്ങനെ ഉൽ‌പ്പന്നങ്ങൾ മെച്ചപ്പെടുത്താമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും നല്‍കി വരുന്നു.  സമീപ ഗ്രാമങ്ങളില്‍ നിന്നുമുള്ള കർഷകര്‍ക്ക് അവരുടെ കൃഷിസ്ഥലം ജൈവവത്കരിക്കുന്നതിന് സഹായ൦ നല്‍കുന്ന ഇവര്‍ ഉൽ‌പ്പന്നങ്ങൾ വിപണിയിലെത്തിക്കാനും കര്‍ഷകരെ സഹായിക്കുന്നു. 

ജൈവ  കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഒരു വേദി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ‘ഓർ‌ഗാനിക് വി’ പോലുള്ള സംഘടനകള്‍ക്കും ടി‌ബി‌ഒ‌എഫിന്റെ പിന്തുണയുണ്ട്. ‘ഓർ‌ഗാനിക് വി’യ്ക്കൊപ്പം ചേര്‍ന്ന് ‘Project 100 Organic Farmers’ എന്ന സംരംഭവും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും കര്‍ഷകരെ ബോധവത്കരിക്കുന്നതിന് വേണ്ടി പ്രത്യേക സെമിനാറുകളും ഇവര്‍ സംഘടിപ്പിക്കാറുണ്ട്. 

ഓര്‍ഡര്‍ നല്‍കി നാലോ അഞ്ചോ ദിവസത്തിനകമാണ് സാധനങ്ങള്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുക. കൂടാതെ ടി‌ബി‌ഒ‌എഫിന്റെയും ഉപഭോക്താവിന്‍റെയും ഇടയില്‍ മൂന്നാമതൊരു വ്യക്തിയുണ്ടാകില്ല. 2016-ല്‍ പ്രതിവര്‍ഷം 2 ലക്ഷം വരുമാനം നേടിയിരുന്ന  ടി‌ബി‌ഒ‌എഫിന്റെ ഇപ്പോഴത്തെ വരുമാനം പ്രതിവര്‍ഷം 12 കോടി രൂപയാണ്. നിലക്കടല വെണ്ണ, നിലക്കടല എണ്ണ, പരമ്പരാഗത ഗോതമ്പ് മാവ്, ധാന്യ ഇനങ്ങൾ, പോഷക സമ്പുഷ്ടമായ അരി എന്നിവയുൾപ്പെടെ 24 ഓളം ഉൽപ്പന്നങ്ങളാണ് ഇവര്‍ വില്‍ക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here