gnn24x7

നാടക ആസ്വാദകര്‍ക്കായി ടാഗോര്‍ തിയറ്ററില്‍ ഒരുങ്ങുന്നു ഒരു തിയറ്റര്‍ ഫെസ്റ്റിവല്‍ 21, 22 തിയതികളില്‍

0
283
gnn24x7

തിരുവനന്തപുരം: നാടക ആസ്വാദകര്‍ക്കായി ടാഗോര്‍ തിയറ്ററില്‍ ഒരുങ്ങുന്നു ഒരു തിയറ്റര്‍ ഫെസ്റ്റിവല്‍. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് 21, 22 തിയതികളില്‍ സംഘടിപ്പിക്കുന്ന യൂത്ത് തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയാണ് നാടക പ്രേമികളെ തലസ്ഥാനത്തേയ്ക്ക് ക്ഷണിക്കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ 14 ടീമുകളാണ് ഇവിടെ മാറ്റുരയ്ക്കുന്നത്. 21ന് രാവിലെ ഒന്‍പതിന് കായിക – യുവജനക്ഷേമ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ നാടകോത്സവത്തിന് തിരശീല ഉയര്‍ത്തും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു സ്വാഗതം ആശംസിക്കും.

അദ്യ ദിനത്തില്‍ ഒന്‍പത് നാടകങ്ങളും രണ്ടാം ദിനത്തില്‍ അഞ്ച് നാടകങ്ങളും അരങ്ങേറും. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്കാണ് സമ്മാനം. ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 75,000 രൂപയും മൂന്നാമത് എത്തുന്നവര്‍ക്ക് 50,000 രൂപയുമാണ് ലഭിക്കുക.

22 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സഹകരണ-ടൂറിസം – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാര്‍ എം.എല്‍. എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു സ്വാഗതം ആശംസിക്കും. ചലച്ചിത്ര നടന്‍ പ്രേംകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ സംസാരിക്കും. പ്രോഗ്രാം കോഡിനേറ്റര്‍ കൃഷ്ണന്‍ ബാലകൃഷ്ണന്‍ നന്ദിയും പറയും.

സമാപന സമ്മേളനത്തിന് മുന്നോടിയായി എറണാകുളം ദ്വയ ട്രാന്‍സ്‌ജെന്‍ ഡേഴ്‌സ് ആര്‍ട്ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മഴവില്‍ ധ്വനി എന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തിയറ്റര്‍ നാടക സംഘം അവതരിപ്പിക്കുന്ന ‘പറയാന്‍ മറന്ന കഥകള്‍ ‘ എന്ന നാടകം അരങ്ങേറും.

നാടകത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ വിശദവിവരങ്ങള്‍

1. തിരുവനന്തപുരം ആപ്റ്റ് പെര്‍ഫോമന്‍സ് ഓഫ് ആന്റ് റിസര്‍ച്ചിന്റെ നാടകം – പെറ്റ്സ് ഓഫ് അനാര്‍ക്കി

2. കൊല്ലം വിജയേശ്വരി ആര്‍ട്‌സിന്റെ നാടകം – റൗണ്ടാന

3 .പത്തനംതിട്ട മഹിമ ഊര് നാടക കൂട്ടത്തിന്റെ തേന്‍വരിക്ക

4.ആലപ്പുഴ നെയ്യതലിന്റെ നാടകം കേണല്‍

5. ഇടുക്കി മാനവീയത്തിന്റെ പുള്ളി പൈ കരയുകയാണ്

6. കോട്ടയം ഇടം അവതരിപ്പിക്കുന്ന ഇരാവതി

7. എറണാകുളം സുവര്‍ണ തിയറ്റേഴ്‌സിന്റെ ഓലി
8. തൃശൂരില്‍ നിന്നുള്ള ലിബ്

9. പാലക്കാട് ഡ്രാമ ഡ്രീംസിന്റെ രേഖകള്‍

10. മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയറ്റര്‍ അവതരിപ്പിക്കുന്ന കന്റോണിയന്‍സ്

11. കോഴിക്കോട് നാടക ഗ്രാമത്തിന്റെ മീശപ്പുലിമല

12.കണ്ണൂര്‍ മാഹി നാടകപുരയുടെ പ്രഥ

13. കാസര്‍ഗോഡ് യുവ അരീന സിയു കേരളയുടെ അഭിസാരി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here