gnn24x7

ജർമനിയിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നു; ഇളവുകൾ പ്രഖ്യാപിച്ച് അംഗല മെർക്കൽ

0
219
gnn24x7

ബർലിൻ: ജർമനിയിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്ന എന്ന സൂചനയെ തുടർന്ന് ചാൻസലർ അംഗല മെർക്കൽ ഇളവുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഒൻപതിന കർശന നിയന്ത്രണങ്ങൾക്കാണ് അൽപം ഇളവ് നൽകിയിരിക്കുന്നത്.  എന്നാൽ മറ്റു നിയന്ത്രണങ്ങൾ മേയ് മൂന്നു വരെ തുടരുമെന്നും ലംഘിക്കുന്നവർ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും മെർക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ജർമനിയിലെ 16 സംസ്ഥാന മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് വഴി നാലു മണിക്കൂർ ചർച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത്.

ജർമനിയിൽ തുടർന്നും സാമൂഹിക അകലം പാലിക്കണമെന്നും കുറഞ്ഞത് ഒന്നര മീറ്റർ അകലത്തിൽ സഞ്ചരിക്കണമെന്നും മെർക്കൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രണ്ടു പേരിൽ കൂടുതൽ പുറത്തിറങ്ങി ചുറ്റിയടിക്കാൻ അനുവദിക്കില്ല. പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കുന്നത് ഉത്തമം. എന്നാൽ നിയമപരമായി അനുശാസിക്കുന്നില്ല. കടകളിലും പൊതുവാഹനങ്ങളിലും കയറുന്നവർ മാസ്ക് ധരിക്കുക എന്നിവ വഴി കോവിഡ് വ്യാപനം തടയാൻ കഴിയുമെന്നു മെർക്കൽ അഭിപ്രായപ്പെട്ടു. 800 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള വലിയ കടകൾ തുറന്നു പ്രവർത്തിക്കാൻ ഇനി അനുമതി ഉണ്ട്.

ആരാധനാലയങ്ങൾ അടഞ്ഞു തന്നെ കിടക്കും. പൊതുചടങ്ങുകൾക്കും മതപരമായ ചടങ്ങുകൾ, ഫുട്ബോൾ മത്സരങ്ങൾ എന്നിവയ്ക്ക് ഓഗസ്റ്റ് 31 വരെ നിയന്ത്രണം ഏർപ്പെടുത്തി. മേയ് 4 മുതൽ ഘട്ടംഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. കോവിഡ് പ്രതിരോധത്തിനു സൗകര്യം ഒരുക്കിയ ശേഷമേ ഇതിന് അനുമതി ഉണ്ടാകൂ. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബാറുകൾ സിനിമ ശാലകൾ എന്നിവ അടഞ്ഞു തന്നെ കിടക്കും.

മേയ് നാലിന് ഹെയർ ഡ്രസ് സെന്ററുകൾ പ്രവർത്തിക്കാൻ അനുമതി നൽകും. ഇറ്റലി, സ്പെയിൻ , ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രഖ്യാപിച്ച രീതിയിൽ ജർമനിയിൽ ലോക്‌ഡൗണോ ആരോഗ്യ അടിയന്തരാവസ്ഥയോ ഉണ്ടായിരിക്കുന്നതല്ല. ചില കടുത്ത നിയന്ത്രണങ്ങൾ മാത്രമം. ലോക്ഡൗൺ എന്നു വിശേഷിപ്പിക്കുന്നതു തെറ്റായ സന്ദേശമാണു നൽകിയിരിക്കുന്നത്. പട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ ബാങ്കുകൾ , പോസ്റ്റോഫീസ്, കാർ കടകൾ തുടങ്ങിയ സുഗമമായി പ്രവർത്തിക്കും.

ഇതിനിടെ ജർമൻ അതിർത്തികളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അടുത്ത 20 ദിവസത്തേക്കു നീട്ടിയതായി ജർമൻ ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സിഫോഹർ അറിയിച്ചു. ഫ്രാൻസ് , ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക് , ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ തുടർന്നും യാത്രാ വിലക്ക് അനുഭവപ്പെടുന്നുണ്ട്. നിയമം ലംഘിച്ചാൽ 14 ദിവസം ജർമനിയിൽ ക്വാറന്റീനിൽ കഴിയേണ്ടി വരുമെന്നു മന്ത്രി മുന്നറിയിപ്പ് നൽകി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here