gnn24x7

അറ്റുപോയ ജീവിതം തിരികെ പിടിച്ച് എൻജിനീയറിങ് കോളജ് വിദ്യാർഥി…; പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ശസ്ത്രക്രിയയിലൂടെ പ്രതീക്ഷകൾക്ക് പുതുജീവൻ

0
109
gnn24x7

പാലാ: ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റതിനെ തുടർന്നു 90 ശതമാനം വേർപെട്ടു മുറിച്ചു മാറ്റേണ്ടി വരുമെന്ന് കരുതിയ കോളജ് വിദ്യാർഥിയുടെ കാൽ അത്യപൂർവ്വ ശസ്ത്രകിയയിലൂടെ പൂർവ്വസ്ഥിതിയിലാക്കി. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പൂഞ്ഞാർ സ്വദേശിയും 23 കാരനുമായ എൻജിനീയറിങ് കോളജ് വിദ്യാർഥി പ്രതീക്ഷയുടെ ലോകത്തേക്ക് വീണ്ടും നടന്നു കയറുന്നത്. ഒന്നര മാസം മുൻപ് നടന്ന അപകടത്തിലാണ് വിദ്യാർഥിയുടെ കാലിനു ഗുരുതര പരുക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പിതാവിന്റെ അടുക്കലേക്കു ബൈക്കിൽ വരുന്നതിനിടെ ദിശ തെറ്റിച്ച് കയറി വന്ന കാർ വിദ്യാർഥിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പാലാ – ഈരാറ്റുപേട്ട റൂട്ടിൽ പനച്ചിപ്പാറ ഭാഗത്തു വച്ചായിരുന്നു അപകടം.

വിദ്യാർഥിയുടെ കാൽമുട്ടിലേക്കാണ് കാർ ഇടിച്ചത്. വട്ടം കറങ്ങിയ ബൈക്കിൽ നിന്നു തെറിച്ചു വീണ വിദ്യാർഥിയുടെ വലതുകാൽമുട്ടിന്റെ കുഴ തെന്നി അസ്ഥികൾ വേർപെട്ടിരുന്നു. മുകൾ ഭാഗത്തെ അസ്ഥി പുറത്തേക്കു വന്ന നിലയിലാണ് റോഡിൽ വീണു കിടന്നത്. കാൽ ദശയിൽ തൂങ്ങി നിൽക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിയെ ആംബുലൻസ് വിളിച്ചു വരുത്തി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചു. ആശുപത്രിയിലെ അഡ്വാൻസ്ഡ് ട്രോമാ കെയർ സെന്ററിൽ എമർജൻസി മെഡിസിൻ വിഭാഗം ഫിസിഷ്യൻ‌ ഡോ.വിപിൻ ലാൽ. വി-യുടെ നേതൃത്വത്തിലുള്ള വിദഗ്ദ ഡോക്ടർമാർ ഉടൻ പരിശോധന നടത്തി. ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും കാലിൽ പൾസ് കിട്ടാതെ വന്നത് ആദ്യം ആശങ്ക ഉണർത്തിയിരുന്നു. തുടർന്നു വിദഗ്ദപരിശോധനക്കിടെ കാലിൽ രക്ത ഓട്ടം കണ്ടതിനെ തുടർന്നു ഉടൻ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു.

ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. രാജീവ്. പി. ബി-യുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട അത്യപൂർവ്വ ശസ്ത്രക്രിയയിലൂടെയാണ് മുറിച്ചു മാറ്റേണ്ടി വരുമായിരുന്ന വിദ്യാർഥിയുടെ വലതുകാൽ വീണ്ടും പൂർവ്വസ്ഥിതിയിലാക്കിയത്. പ്ലാസ്റ്റിക് ആൻ‍ഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാഗം കൺസൽറ്റന്റ് ഡോ. ആശിഷ് ശശിധരൻ, അനസ്തേഷ്യോളജി വിഭാഗം കൺസൽട്ടന്റുമാരായ ഡോ. ശിവാനി ബക്ഷി, ഡോ. റോണി മാത്യു എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തുന്ന വിദ്യാർഥി 2 മാസത്തിനകം വീണ്ടും കോളജിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7