gnn24x7

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരം; ലോക റെക്കോര്‍ഡ്‌ കുറിച്ച് സകീബുല്‍ ഗനി

0
406
gnn24x7

കൊല്‍ക്കത്ത: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി ലോക റെക്കോര്‍ഡ്‌ കുറിച്ച് ഇന്ത്യയുടെ യുവതാരം. രഞ്ജി ട്രോഫിയില്‍ മിസോറാമിനെതിരെ ബിഹാറിനായി യുവതാരം സകീബുല്‍ ഗനി അടിച്ചെടുത്തത് 341 റണ്‍സാണ്. അഞ്ചാമനായി ക്രീസിലെത്തിയ താരം 405 പന്തില്‍ 56 ഫോറും രണ്ടു സിക്‌സും സഹിതമാണ് 341 റണ്‍സ് നേടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ഗനി സ്വന്തമാക്കിയത്. ഇതോടെ 2018-19 സീസണില്‍ മധ്യപ്രദേശിനായി അരങ്ങേറ്റ മത്സരത്തില്‍ പുറത്താകാതെ 267 റണ്‍സ് നേടിയ അജയ് റൊഹേരയുടെ റെക്കോര്‍ഡ് പഴങ്കഥയായി. ഹൈദരാബാദിനെതിരേ ആയിരുന്നു റൊഹേരയുടെ പ്രകടനം.

മിസോറാമിനെതിരേ അടിച്ചുതകര്‍ത്ത 22-കാരനായ ഗനി 387 പന്തിലാണ് ട്രിപ്പിള്‍ സെഞ്ചുറി പിന്നിട്ടത്. 50 ഫോറുകള്‍ സഹിതമായിരുന്നു ഇത്. അതായത് 300 റണ്‍സില്‍ 200 റണ്‍സും നേടിയത് ഫോറിലൂടെയാണ്. നാലാം വിക്കറ്റില്‍ ബാബുല്‍ കുമാറിനൊപ്പം വലിയ സ്‌കോറിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി. 756 പന്തില്‍ 538 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഇരട്ട സെഞ്ചുറി പിന്നിട്ട ബാബുല്‍ ക്രീസില്‍ തുടരുകയാണ്. ഇരുവരുടേയും പ്രകടനത്തിന്റെ ഹലത്തില്‍ ബിഹാറിന്റെ സ്‌കോര്‍ 600 റണ്‍സ് കടന്നു.

ബാബുല്‍ കുമാറിനൊപ്പമുള്ള കൂട്ടുകെട്ട് രഞ്ജി ട്രോഫി ചരിത്രത്തിലെ നാലാം വിക്കറ്റിലെ ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ്. 1946-47 സീസണില്‍ 577 റണ്‍സ് അടിച്ച വിജയ് ഹസാരെ-ഗുല്‍ മുഹമ്മദ് കൂട്ടുകെട്ടാണ് ഒന്നാം സ്ഥാനത്ത്. രഞ്ജിയില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ട് എന്ന റെക്കോര്‍ഡും ബാബുല്‍-ഗനി സഖ്യം സ്വന്തമാക്കി. 2016-17 സീസണില്‍ മഹാരാഷ്ട്രക്കായി സ്വപ്‌നില്‍ ഗുഗാലെ-അങ്കിത് ബാവ്‌നെ എന്നിവര്‍ പടുത്തുയര്‍ത്തിയ വഴിപിരിയാത്ത 594 റണ്‍സ് കൂട്ടുകെട്ടാണ് ഒന്നാമത്. വിജയ് ഹസാരെ-ഗുല്‍ മുഹമ്മദ സഖ്യത്തിന്റെ 577 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here