gnn24x7

ആള്‍ക്കൂട്ടം വിലക്കിക്കൊണ്ടുള്ള ഉത്തരവ്; ലഖിംപുരിലേയ്ക്ക് രാഹുലിനും അനുമതിയില്ല

0
480
gnn24x7

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പ്രതിഷേധത്തിനിടെ വാഹനം പാഞ്ഞു കയറി കര്‍ഷകര്‍ മരിച്ച ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെയാരെയും ലഖിംപുരിലേക്കു വിടാതെ തടയുന്ന നടപടിയാണ് യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അഞ്ചംഗ പ്രതിനിധി സംഘം ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ എത്തുമെന്നു കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോണ്‍ഗ്രസ് കത്തു നല്‍കിയിരുന്നു. യാതൊരു കാരണവും കൂടാതെയാണു പ്രിയങ്കയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടം വിലക്കിക്കൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി രാഹുലിന് അനുമതി നിഷേധിക്കുകയായിരുന്നു.

ഞായറാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേരാണ് മരിച്ചത്. അതേസമയം കേസില്‍ പ്രതിയായ മകനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് മിശ്ര രംഗതെത്തി. കര്‍ഷകര്‍ക്കിടയിലേക്കു പാഞ്ഞു കയറിയ വാഹനം തന്റേതാണെന്ന് മന്ത്രി സമ്മതിച്ചു. എന്നാല്‍ മകന്‍ ആഷിഷ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ജോലിക്കാരെ കൊണ്ടുവരാന്‍ വേണ്ടിയാണ് തന്റെ വാഹനം പോയത്. ആ സമയത്ത് മകന്‍ മറ്റൊരിടത്തായിരുന്നു. അവിടുത്തെ ചിത്രങ്ങളും വിഡിയോയുമുണ്ട്. ആഷിഷിന്റെ കോള്‍ റിക്കോര്‍ഡ് പരിശോധിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. വാഹനത്തിന്റെ ഡ്രൈവറും രണ്ടു ജോലിക്കാരും കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടു. മൂന്നു പേര്‍ക്കു പരുക്കുണ്ട്. പിന്നീട് വാഹനം കത്തിക്കുകയായിരുന്നു. കര്‍ഷകര്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന അക്രമികളാണ് ഇതൊക്കെ ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here