gnn24x7

കേരളത്തിൽ നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ലെന്ന് ആരോഗ്യമന്ത്രി

0
194
gnn24x7


കൊല്ലം: കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വൈകിട്ട് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ല. പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കകളില്ല. ആവശ്യമെങ്കിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ കൊവിഡ് സ്ഥിതി ഇന്ന് അവലോകനം ചെയ്തിരുന്നു.  കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ഇത്. വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്തും വെല്ലുവിളികൾ നേരിടാൻ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യമന്ത്രി എടുത്തു പറഞ്ഞു.  കോവിഡ് അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ട് ആവർത്തിച്ച് പറഞ്ഞ മന്ത്രി, പൂർണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

പുതിയ വകഭേദങ്ങൾ കണ്ടെത്താൻ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ ജനിതക ശ്രേണീകരണത്തിനുള്ള സംവിധാനം ശക്തിപ്പെടുത്താൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. ഇതിനായി എല്ലാ കോവിഡ്-19 കേസുകളുടെയും സാമ്പിളുകൾ INSACOG ജനിതക ശ്രേണീകരണ ലബോറട്ടറികളിലേക്ക് (IGSLs) ദിവസേന അയയ്‌ക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. 2022 ഡിസംബർ 19-ന് അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തെ ശരാശരി പ്രതിദിന കേസുകളുടെ എണ്ണം 158 ആയി കുറഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ 6 ആഴ്‌ചയായി ആഗോള പ്രതിദിന ശരാശരി വർദ്ധിക്കുന്നതായി  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ഡിസംബർ 19-ന് അവസാനിച്ച ആഴ്‌ചയിൽ, ശരാശരി 5.9 ലക്ഷം പ്രതിദിന കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതിന് പിന്നിൽ ഒമൈക്രോൺ വകഭേദത്തിന്റെ പുതിയതും വേഗത്തിൽ പകരാവുന്നതുമായ ബിഎഫ്.7 (BF.7) വകഭേദം ആണെന്ന് കണ്ടെത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88
gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here