gnn24x7

നാലായിരം കടന്ന് രാജ്യത്ത് കോവിഡ് രോഗികൾ ; 31% കേരളത്തിൽ

0
136
gnn24x7

ന്യൂഡൽഹി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4041 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ നല്ലൊരു പങ്കും കേരളത്തിലും മഹാരാഷ്ട്രയിലും നിന്നാണ്.

കേരളത്തിൽ വെളളിയാഴ്ച 1370 കേസുകളും മഹാരാഷ്ട്രയിൽ1045 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് രോഗികളിൽ 31 ശതമാനത്തോളം കേരളത്തിലാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക,തെലങ്കാന സംസ്ഥാനങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രോഗബാധിതരെ ക്വാറന്റൈൻ ചെയ്യുന്നത് ഉറപ്പാക്കാൻ കേന്ദ്രനിർദ്ദേശമുണ്ട്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവയും നിർബന്ധമായും പാലിക്കണം. മഹാരാഷ്ട്ര തലസ്ഥാനമായ മുംബയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ 231 ശതമാനമാണ് വർദ്ധനയുണ്ടായത്.അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കുക. കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും അതെടുക്കണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കേസുകളുയരുന്ന എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here