gnn24x7

ഗുജറാത്തിൽ ബിജെപി തുടർ ഭരണത്തിലേക്ക്; 149 സീറ്റിൽ മുന്നിൽ കോൺഗ്രസ് 19, എഎപി 10

0
99
gnn24x7

അഹമ്മദാബാദ്: ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്നതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ ബിജെപി മുന്നിൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 149 സീറ്റിലും കോൺഗ്രസ് 19 സീറ്റിലും എഎപി 10 സീറ്റിലും ലീഡ് ചെയ്യുന്നു.27 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെയും പ്രതിപക്ഷമായ കോൺഗ്രസിനെയും വെല്ലുവിളിച്ച് ആം ആദ്മി പാർട്ടിയും (എഎപി) ഇത്തവണ രംഗത്തുണ്ട്. 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഗുജറാത്തിൽ ബിജെപി ഏഴാം തവണയുംവൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണു നേടിയത്.

182 അംഗ നിയമസഭയിലേക്ക് ഡിസംബർ ഒന്നിനും 5നും രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 63.14% പോളിങ് രേഖപ്പെടുത്തി. 2017ൽ 66.75% ആയിരുന്നു പോളിങ്. 788 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ മത്സരംഗത്തുണ്ടായത്. 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. 833 സ്ഥാനാർഥികളാണു രണ്ടാം ഘട്ടത്തിൽ മത്സരിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി എന്നീ പ്രമുഖരുൾപ്പെടെ ജനവിധി തേടുന്നു.

തുടർഭരണം ഉറപ്പെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും എഎപിയും പോരാടിയ തിരഞ്ഞെടുപ്പിൽ 136 ജീവൻ പൊലിഞ്ഞ മോർബി തൂക്കുപാലം ദുരന്തം, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി, ലഹരികടത്ത്, വിഷമദ്യദുരന്തം, കർഷക പ്രതിഷേധം എന്നിവയുൾപ്പെടെ ചർച്ചയായി. 2021 ലെ സൂറത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തള്ളി 27 സീറ്റുമായി മുഖ്യ പ്രതിപക്ഷ കക്ഷിയായതിന്റെ ആത്മവിശ്വാസത്തിലുള്ള എഎപി 180 സീറ്റുകളിൽ മത്സരിക്കുന്നു. ബിജെപി 182 സീറ്റുകളിലും എൻസിപിയുമായി സഖ്യത്തിൽ മത്സരിക്കുന്ന കോൺഗ്രസ് 179 സീറ്റുകളിലും മത്സരിക്കുന്നു. എൻസിപിയുടെ 2 സ്ഥാനാർഥികളും ജനവിധി തേടുന്നു.

ബിജെപിയുടെ ഹോം ഗ്രൗണ്ട് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചപ്പോൾ പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളെ ഇറക്കി കോൺഗ്രസും ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയും പ്രചാരണം നടത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയും കോൺഗ്രസിനായി പ്രചാരണത്തിനെത്തി. ഗുജറാത്ത് മോഡൽ വികസനത്തിന് ബിജെപി പ്രചാരണത്തിൽ ഊന്നൽ നൽകിയപ്പോൾ ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങളാണ് കോൺഗ്രസ് എടുത്തു പറഞ്ഞത്. ഡൽഹിയിലും പഞ്ചാബിലും ഉയർത്തിക്കാട്ടിയ സൗജന്യങ്ങളുമായാണ് എഎപി പ്രചാരണം നടത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here