gnn24x7

വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത എല്ലാ പ്രവാസി ഇന്ത്യക്കാരും സൗജന്യ ടിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

0
173
gnn24x7

കൊച്ചി: വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത എല്ലാ പ്രവാസി ഇന്ത്യക്കാരും സൗജന്യ ടിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇന്ത്യന്‍ എംബസ്സിയുടെയോ കോണ്‍സുലേറ്റിന്റെയോ ക്ഷേമനിധിയുടെ (ICWF) സഹായത്തോടെ ടിക്കറ്റ് എടുത്ത് മടങ്ങിവരുന്നതില്‍ തങ്ങള്‍ക്ക് യാതൊരുതരത്തിലുമുള്ള എതിര്‍പ്പുമില്ലന്നാണ് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഇന്ന് കേരള ഹൈക്കോടതി മുമ്പാകെ ബോധിപ്പിച്ചത്.

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് തിരികെ നാട്ടില്‍ പോകാനുള്ള യാത്രാച്ചിലവ് ഇന്ത്യന്‍ എംബസിയുടെ കൈവശമുള്ള ക്ഷേമനിധിയില്‍ (Indian Community Welfare Fund- ICWF) നിന്ന് ഉപയോഗിക്കണം എന്ന ആവശ്യത്തിന്മേല്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍. ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് വാദം കേട്ടത്. 2020 മേയ് 19-ന് കോടതിയുടെ പരിഗണനക്ക് വന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടറിയിക്കാന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന് ജസ്റ്റിസ് അനു ശിവരാമന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാറിന്റെ അഭിപ്രായത്തിനു വേണ്ടി കൂടുതല്‍ സമയം അനുവദിക്കണമെന്ന അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥന കോടതി അന്നു തള്ളിയതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാറിന് ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കേണ്ടി വന്നത്.

ഇതോടെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി പാവപ്പെട്ട പ്രവാസികളെ നാട്ടിലേക്ക് മടക്കി അയക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിവേണമെന്ന ചില എംബസ്സികളുടെ നിലപാടുകള്‍ക്ക് പ്രസക്തിയില്ലാതായി. എന്നാല്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദേശങ്ങളിലെ ഇന്‍ഡ്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് നല്‍കണമെന്ന ഹര്‍ജ്ജിക്കാരുടെ ആവശ്യത്തിന്മേല്‍ മൂന്നു ദിവസത്തിനുള്ളില്‍ നിലപാടറിയിക്കാന്‍ ജസ്റ്റിസ് അനു ശിവരാമന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കി. കേസ് വീണ്ടും മേയ് 28 വ്യാഴാഴ്ച പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നു ബോധിപ്പിക്കുന്ന ഒരു സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പിനോടൊപ്പം ടിക്കറ്റിനുള്ള അപേക്ഷയും പാസ്സ്പോര്‍ട്ട് കോപ്പിയും, വിസ (എക്‌സിറ്റ്/ എക്‌സിറ്റ് & റീ-എന്‍ട്രി) കോപ്പിയും, അതാതു രാജ്യത്തെ തൊഴില്‍/താമസ ഐഡി കോപ്പിയും, അപേക്ഷകരുടെ മൊബൈല്‍ നമ്പറും സഹിതം പ്രവാസികള്‍ക്ക് അതാത് എംബസ്സി/കോണ്‍സുലേറ്റുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

മലയാളികള്‍ക്ക് മാത്രമല്ല, വിദേശങ്ങളിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള പ്രവാസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രയോജനകരമാകും. വടകര പാലോളി താഴയില്‍ ജിഷ, തിരുവനന്തപുരം മടവൂര്‍ പുലിയൂര്‍കോണത്ത് ഷീബ മന്‍സില്‍ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയില്‍ വീട്ടില്‍ മനീഷ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവരാണ് ഹര്‍ജിക്കാര്‍.ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹൈക്കോടതി സീനിയര്‍ അഡ്വ. പി ചന്ദ്രശേഖരന്‍, അഡ്വ. ജോണ്‍ കെ ജോര്‍ജ്, അഡ്വ. മുരളീധരന്‍ എന്നിവര്‍ ഹൈകോടതിയില്‍ ഹാജരായി. ഇടം സാംസ്‌കാരികവേദി റിയാദ്, ഗ്രാമം യു.എ.ഇ, കരുണ ഖത്തര്‍, എന്നീ സംഘടനകളുടെ കൂട്ടായ ശ്രമത്തിലാണ് പരാതിക്കാര്‍ക്കു വേണ്ട നിയമസഹായത്തിനു വഴിയൊരുങ്ങിയത്. ഇതേ സംഘടനകളുടെ സംയുക്ത നീക്കത്തില്‍ ICWF മായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും ബോധവല്‍ക്കരണം നടത്തുന്നതിന് ഒപ്പുശേഖരണവും സോഷ്യല്‍ മീഡിയാ ക്യാമ്പയിനും നടന്നിരുന്നു. അതില്‍ കേരളത്തിലും വിദേശത്തും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ള നിരവധി പേര്‍ ഒപ്പുവെച്ചിരുന്നു. അതിന്റെ പ്രതിഫലനം എന്ന നിലയ്ക്കാണ് ഹര്‍ജിക്കാരായ പ്രവാസികളുടെ ബന്ധുക്കള്‍ കേസിനു തയ്യാറായി മുന്നോട്ടുവന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here