gnn24x7

അതിശക്തമായ മഴയെ തുടർന്ന് മുംബൈ നഗര൦ വെള്ളത്തില്‍ മുങ്ങി; മൂന്ന് വർഷത്തിനിടെ ഉണ്ടായ അതിശക്തമായ മഴ

0
143
gnn24x7

മുംബൈ: അതിശക്തമായ മഴയെ തുടർന്ന് മുംബൈ നഗര൦ വെള്ളത്തില്‍ മുങ്ങി. മൂന്ന് വർഷത്തിനിടെ ഉണ്ടായ അതിശക്തമായ മഴയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

അതിശക്തമായ മഴയെ തുടർന്ന് മുംബൈയില്‍ 2 ദിവസത്തെ  റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇത്രയും കനത്ത മഴ 2017ന് ശേഷം ഇതാദ്യമായാണ് മഹാരാഷ്ട്രയില്‍  ഉണ്ടാവുന്നത്.  ദാദർ, സയൻ, പരേൽ, വിലേപാർലെ അടക്കം സമുദ്ര നിരപ്പിന് താഴെയുള്ള  പ്രദേശങ്ങള്‍  വെള്ളത്തില്‍ മുങ്ങി.

ശക്തമായ മഴ ഗതാഗതത്തെ പൂര്‍ണ്ണമായും താറുമാറാക്കി.  സബർബൻ സർവീസുകൾ വ്യാപകമായി ന‍ിർത്തിവച്ചു.  മുംബൈ കോർപ്പറേഷൻ ബസുകൾ പലയിടത്തും സർവീസ് നിർത്തിവച്ചു.

വേലിയേറ്റമുണ്ടാകുന്നതോടെ സ്ഥിതി വീണ്ടും മോശമാകുമെന്ന ഭീതിയുള്ളതിനാൽ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആളുകള്‍  ബീച്ചുകളിലേക്കോ, താഴ്ന്ന പ്രദേശങ്ങളിലേക്കോ പോകരുതെന്ന് കോർപ്പറേഷനും  നിർദ്ദേശം നൽകിയിട്ടുണ്ട്. 

ശക്തമായ മഴയില്‍ കനത്ത നാശനഷ്ടമാണ് മുംബൈയില്‍ ഉണ്ടായിരിക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും ട്രാക്കുകള്‍ തകര്‍ത്തതോടെ മുംബൈയിലെ ഒട്ടുമിക്ക ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി. രണ്ട് ലോക്കല്‍ ഷട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ മുംബൈയില്‍ നടക്കുന്നത്. വാശി-പന്‍വേല്‍, താനെ-കല്യാണ്‍ എന്നീ സര്‍വീസുകള്‍ ഒഴികെയുള്ളവയെല്ലാം സര്‍വീസ് നിര്‍ത്തി. 

അടിയന്തിര സേവനങ്ങളൊഴികെയുള്ള ഓഫീസുകളെല്ലാം അടച്ചു. സ്കൂളുകളെ ക്യാമ്പുകളാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 

തിങ്കളാഴ്ച രാവിലെ 8 മണി മുതല്‍ ചൊവ്വാഴ്ച  രാവിലെ 6 മണി വരെയുള്ള സമയത്ത് മുംബൈ സിറ്റിയില്‍ മാത്രം പെയ്തത് 230.06 മില്ലിമീറ്റര്‍ മഴയാണ്. കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളില്‍ 162 മില്ലിമീറ്ററിനു മുകളില്‍ മഴ ലഭിച്ചു.

ബുധനാഴ്ചയും  ഇതേ അവസ്ഥയില്‍ മഴ  തുടർന്നാൽ കോവിഡിനിടെ ഒരു  പ്രളയ൦  കൂടി നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here