gnn24x7

ലഹരിക്കേസിൽ തെളിവില്ല; ആര്യൻ ഖാൻ നിരപരാധി

0
177
gnn24x7

മുംബൈ: ആഡംബരക്കപ്പൽ മയക്കുമരുന്ന് പാർട്ടി കേസിൽ സൂപ്പർതാരം ഷാരൂഖ് ഖാന്റെ പുത്രൻ ആര്യൻ ഖാൻ (23) നിരപരാധിയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ, ആദ്യം കേസന്വേഷിച്ച സോണൽ ഒാഫീസർ സമീർ വാങ്കഡെയ്ക്കെതിരെ വകുപ്പുതല നടപടിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ.ഷാരൂഖിൽ നിന്ന് കോടികൾ കൈപ്പറ്റാൻ വാങ്കഡെയുൾപ്പെടെ തയ്യാറാക്കിയ തിരക്കഥയാണ് കേസെന്ന് ആരോപണമുയരുകയും കേസിൽ നിന്ന് മാറ്റി വിജിലൻസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു.

ജോലി നേടാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ് ചമച്ചതിന്റെ പേരിലും വാങ്കഡെ അന്വേഷണം നേരിടുകയാണ്.2008 ബാച്ച് ഐ.ആർ.എസുകാരനാണ്. റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റിലാണിപ്പോൾ. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഇന്നലെ മുംബയ് പ്രത്യേക കോടതിയിൽ സമർപ്പിച്ച ആറായിരം പേജുള കുറ്റപത്രത്തിൽ ആര്യൻ ഉൾപ്പെടെ ആറ് പേരെ പ്രതി ചേർത്തിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റ് 14 പേരെ പ്രതിചേർത്തു. അറസ്റ്റിലാകുമ്പോൾ ആര്യന്റെ പക്കൽ മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്നും ഇവർക്കെതിരെ തെളിവില്ലെന്നും എൻ.സി.ബി മേധാവി എസ്.എൻ. പ്രധാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആഡംബരക്കപ്പലിലെ റെയ്ഡിൽ ആര്യൻ ഉൾപ്പെടെ ഇരുപത് പേർ അറസ്റ്റിലായത്. 22 ദിവസം ജയിലിൽ കിടന്നിട്ടാണ് ആര്യന് ജാമ്യം കിട്ടിയത്.ആര്യൻ ഖാൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും വിതരണം നടത്തുകയും ചെയ്തെന്നാണ് വാങ്കഡെ പറഞ്ഞിരുന്നത്. എന്നാൽ പ്രാഥമികാന്വേഷണത്തിൽ വീഴ്ച പറ്റിയെന്നാണ് എൻ.സി.ബി ഇപ്പോൾ പറയുന്നത്.വാങ്കഡെയിക്കെതിരെ ഗുരുതര ആരോപണവുമായി എൻ.സി.ബി ഉദ്യോഗസ്ഥന്റെതെന്നു പറഞ്ഞ് കത്തും പുറത്തുവന്നിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നും കപ്പലിൽ നിന്ന് കണ്ടെടുത്ത ലഹരി എൻ.സി.ബി കൊണ്ടുവച്ചതാണെന്നുമായിരുന്നു ആരോപണം. മുതിർന്ന പൊലീസ് ഓഫീസർ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ പ്രത്യേക ടീമാണ് തുടർന്ന് അന്വേഷണം നടത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here