ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത പട്യാലഹൗസ് കോടതി ഉത്തരവിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൂന്നര മണിക്കൂറോളം ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് വിധി പറയുന്നതിനായി മാറ്റിയത്. ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ ഞായറാഴ്ച ജസ്റ്റിസ് സുരേഷ് കൈത്താണ് ഹര്‍ജിയില്‍ വാദം കേട്ടത്.എല്ലാ കക്ഷികളുടെയും വാദം പൂര്‍ത്തിയായ ശേഷം ഹര്‍ജിയില്‍ വിധിപറയുമെന്ന് ജസ്റ്റിസ് സുരേഷ് കൈത്ത് പറഞ്ഞു.
വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.അനിവാര്യമായത് നീട്ടികൊണ്ട് പോകുകയാണ് പ്രതികളുടെ തന്ത്രം.നിയമപരമായ പോംവഴിക്ക് പ്രതികള്‍ കാലതാമസം വരുത്തുകയും രാജ്യത്തിന്‍റെ ക്ഷമ പരീക്ഷിക്കുകയും ചെയ്യുന്നു.നാല് പേരുടെയും ശിക്ഷ ഒന്നിച്ച് നടത്തണമെന്നില്ല,ജയില്‍ ചട്ടത്തിലെ ഈ വ്യവസ്ഥയെ എതിര്‍ക്കുന്നു.ദയാ ഹര്‍ജി തള്ളിക്കളഞ്ഞ് ശിക്ഷ നടപ്പാക്കാം.രാഷ്ട്രപതിക്ക് ഓരോ പ്രതിയുടെയും കാര്യത്തില്‍ വ്യത്യസ്ത നിലപാട് എടുക്കാമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സോളിസിറ്റര്‍ ജെനെറല്‍ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചത്.കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഞായറാഴ്ച പരിഗണിക്കുകയായിരുന്നു.ഇത് സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കൈത്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ നാല് പ്രതികളില്‍ ഒരാളായ വിനയ് കുമാറിന്‍റെ ദയാ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.മണിക്കൂറുകള്‍ക്കകം മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ ദയാഹര്‍ജി നല്‍കി.നേരത്തെ മുകേഷ് കുമാര്‍ സിങ്ങിന്റെ ഹര്‍ജി തള്ളിയിരുന്നു.പവന്‍ ഗുപ്തയാണ് കേസിലെ മറ്റൊരു പ്രതി.
അതേസമയം വധശിക്ഷ നടപ്പിലാക്കാന്‍ സുപ്രീം കോടതിയോ ഭരണഘടനയോ നിശ്ചിത സമയം അനുവദിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകനായ എപി സിംഗ് വാദിച്ചു.ഈ കേസില്‍ മാത്രം എന്തിനാണ് ഇത്ര ധിറുതി എന്നും എപി സിംഗ് ചോദിച്ചു.പ്രതികളായ പവന്‍കുമാര്‍ ,അക്ഷയ് കുമാര്‍,വിനയ് ശര്‍മ്മ, എന്നിവര്‍ക്ക് വേണ്ടിയാണ് എപി സിംഗ് ഹാജരായത്. മുകേഷ് സിങ്ങിന് വേണ്ടി ഹാജരായ അഭിഭാഷക റെബേക്ക ജോണും കേന്ദ്രത്തിന്‍റെ ഹര്‍ജിയെ എതിര്‍ത്തു. ജീവിതത്തിന്റെ അവസാന ശ്വാസം വരെ നിയമത്തിന്‍റെ എല്ലാ വഴികളും തേടാന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അവര്‍ കോടതിയില്‍ വാദിച്ചു.ഈ വാദങ്ങളൊക്കെ കേട്ടശേഷമാണ് ഹര്‍ജി വിധി പറയുന്നതിനായി മാറ്റിയത്.