gnn24x7

മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

0
178
gnn24x7

ന്യൂഡൽഹി: മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്ര സർക്കാരിനുമാണ് നോട്ടീസ്. നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം. സയ്യദ് വാസിം റിസ്വി നൽകിയ പൊതുതാത്പര്യ ഹർജിലാണ് ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.

ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകൾ പ്രകാരം മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാർഥികൾ വോട്ടുതേടാൻ പാടില്ല. എന്നാൽ മുസ്ലിം ലീഗ് ഉൾപ്പടെ ചില സംസ്ഥാന പാർട്ടികളുടെ പേരിൽ മതത്തിന്റെ പേരുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുടെ കൊടിയിൽ മതപരമായ ചിഹ്നവുമുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഹിന്ദു ഏകത ദൾ തുടങ്ങിയ പാർട്ടികളെ നിരോധിക്കണമെന്നാണ് ഹർജിക്കാരൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ജനപ്രതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ സ്ഥാനാർഥികൾക്ക് മാത്രമല്ലെ ബാധകമെന്ന് കോടതി ആരാഞ്ഞു. എന്നാൽ രാഷ്ട്രീയ പാർട്ടിക്കും നിബന്ധന ബന്ധകമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.

കേരളത്തിൽ നിന്ന് മുസ്ലിം ലീഗിന് ലോക്സഭയിലും, രാജ്യസഭയിലും അംഗങ്ങളുണ്ട്. അവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണം തന്നെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷനോടും, കേന്ദ്ര സർക്കാരിനോടും ഒക്ടോബർ 18-നകം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു. മുസ്ലിം ലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കും കേസിൽ കക്ഷിചേരാൻ സുപ്രീം കോടതി അനുമതി നൽകി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here