gnn24x7

നിറവയറുമായി കയറിയിറങ്ങിയത് ഏഴ് ആശുപത്രികൾ; ഗർഭിണി ചികിത്സ കിട്ടാതെ മരിച്ചു

0
199
gnn24x7

കഴിഞ്ഞ നവംബർ മാസത്തിലാണ് വിക്കിയും ഭാര്യയും ഉത്തർപ്രദേശിൽ നിന്ന് ജോലി തേടി പഞ്ചാബിലെ ജലന്ധറിലെത്തിയത്. ഏറെ നാൾ അലഞ്ഞുതിരിഞ്ഞ ശേഷം ഇഷ്ടിക ചൂളയിൽ ജോലി കിട്ടി. അങ്ങനെ സമാധാനപരമായി മുന്നോട്ടുപോകവെയാണ് കോവിഡ് ദുരിതമെത്തിയത്. ഈ സമയം വിക്കിയുടെ 19 വയസ്സുള്ള ഭാര്യ സീമ ഗർഭിണിയായിരുന്നു.

ജൂൺ അഞ്ചിന് വീട്ടിൽ പുതിയൊരു അംഗം കൂടിയെത്തുമെന്ന സന്തോഷത്തിലായിരുന്നു ഇരുവരും. എന്നാൽ മെയ് പകുതിയായതോടെ വേദന വന്നു. വേദന സഹിക്കാനാകാതെ വന്നതോടെ മെയ് 28ന് ആശുപത്രിയിലേക്ക് പോയി.

ആദംപൂരിലെ ആശുപത്രിയിലാണ് ആദ്യമെത്തിയത്. എന്നാൽ ആശുപത്രി അധികൃതർ സീമയെ അവിടെ പ്രവേശിപ്പിക്കാൻ തയാറായില്ല. അവിടെ നിന്ന് ജലന്ധറിലെ സിവിൽ ആശുപത്രിയിലേക്ക് പോയി. അവിടത്തെ ഡോക്ടർമാർ പരിശോധിക്കുകയും കുട്ടിയുടെ കാര്യത്തിൽ ചില സങ്കീർണതകളുണ്ടെന്നും അതിനാൽ അമൃത്സർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.

”ആദംപൂരിലെ ഡോക്ടർമാർ പറഞ്ഞത് സീമയുടെ നില ഗുരുതരമെന്നാണ്. ജലന്ധറിലെ സിവിൽ ആശുപത്രിയിലെത്തിയപ്പോൾ ആദ്യം കോവിഡ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞു. റിപ്പോർട്ട് വന്നപ്പോൾ കുട്ടിയുടെ നില മോശമാണെന്നും അമൃത്സറിലെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനുമായിരുന്നു അവർ നിർദേശിച്ചത്. വിലപ്പെട്ട സമയം നഷ്ടപ്പെടുകയായിരുന്നു”- വിക്കി പറയുന്നു. എന്നാൽ മെയ് അഞ്ചിന് അവസാനം നടത്തിയ സ്കാനിംഗിലും എല്ലാം നല്ല നിലയിലായിരുന്നുവെന്ന് വിക്കി പറയുന്നു.

അമൃത്സറിൽ രണ്ടുദിവസം ചികിത്സയിൽ കഴിഞ്ഞു. പക്ഷെ ഡോക്ടർമാർ യാതൊന്നു പറഞ്ഞില്ല. ഇതു കൂടാതെ നാലു സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനും വിക്കി ശ്രമം നടത്തി. കൈയിൽ ആവശ്യത്തിന് പണം ഇല്ലാത്തതിനാൽ എല്ലാവരും വിക്കിയെ തിരികെ അയക്കുകയായിരുന്നു. ‘മെയ് 31ന് ഗുരുതരാവസ്ഥയിലാണ് രോഗി ആശുപത്രിയിലെത്തിയത്. പക്ഷേ ചികിത്സാ ചെലവ് വഹിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല’- സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ പറഞ്ഞു. പിന്നീട് സീമയെ ജലന്ധറിലെ സിവിൽ ആശുപത്രിയിലേക്ക് മടക്കി കൊണ്ടുപോവുകയും മെയ് 31ന് അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു.’അമൃത്സറിലെ മികച്ച ചികിത്സ തന്നെ സീമയ്ക്ക് ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ദമ്പതികൾ അതിന് തയാറായില്ല. അവർ തിരികെ എത്തിയത് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഗർഭാശയത്തിൽവെച്ചു തന്നെ കുഞ്ഞുമരിക്കുകയായിരുന്നു’ – സിവിൽ സർജൻ ഡോ. ഗുരീന്ദർ കൗർ ചൗള പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here