gnn24x7

ഇറാന്‍ വൈസ് പ്രസിഡന്റിന് മസൗമേ എബ്‌തെകറിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

0
175
gnn24x7

ടെഹ്റാന്‍:  ചൈനയിലെ കൊറോണ വൈറസ് (Covid 19) ഇപ്പോള്‍ ആഗോള ഭീഷണിയായി പടരുകയാണ്. ചൈനയ്ക്ക് പുറമേ ഡെന്മാർക്ക്, ഇസ്തോണിയ, പാക്കിസ്ഥാൻ, നോർവേ, ഗ്രീസ്, റുമാനിയ, അൽജീരിയ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കൂടി രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്‌.

ചൈന കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത് ഇറാനിലാണ്. ഇപ്പോഴിതാ രാജ്യത്തിന്‍റെ വനിതാ കുടുംബക്ഷേമ വൈസ് പ്രസിഡന്റ് മസൗമേ എബ്‌തെകറിനും (Masoumeh Ebtekar) കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

ഇതോടെ ഇറാനില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 245 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഹസന്‍ റുഹാനി മന്ത്രിസഭയിലെ ആദ്യത്തെ വനിതാ അംഗമാണ് എബ്‌തെകാര്‍. ഇറാനില്‍ ഇതുവരെ കൊറോണവൈറസ് ബാധയേറ്റ് 26 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ശരിയായ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിടുന്നില്ലെന്ന ആക്ഷേപങ്ങളുമുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇറാന്‍ മറച്ചുവെയ്ക്കുന്നതായി സംശയമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആരോപിച്ചിരുന്നു. ഇതിനിടയില്‍ 23 പേർക്കു രോഗബാധ സ്ഥിരീകരിച്ച ഓസ്ട്രേലിയ പ്രതിരോധ നടപടികൾ കർശനമാക്കിയിട്ടുണ്ട്.   

ഫ്രാൻസും തയ്‌വാനും അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജപ്പാനിൽ കിന്റർഗാർട്ടൻ മുതലുള്ള എല്ലാ വിദ്യാലയങ്ങളും ആഴ്ചകളോളം അടച്ചിടാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ആഘോഷങ്ങളും ഗ്രീസ് നിർത്തിവച്ചു. ഇറ്റലിയിൽ നിന്നെത്തിയവരിലൂടെ ഗ്രീസിലും ഇസ്രയേലിലും പാക്കിസ്ഥാനിലും രോഗമെത്തിയിട്ടുണ്ട്. ഇറാഖില്‍ സ്കൂളുകളടക്കമുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശന പ്രതിരോധ-നിയന്ത്രണ നടപടികളുമായി അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കുവൈത്തില്‍ രോഗബാധിതരുടെ എണ്ണം 43 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കുവൈത്ത് പൗരന്മാർ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും അവിടെനിന്നുള്ളവർ കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് മാർച്ച് 15വരെ അവധി നൽകിയിട്ടുണ്ട്. പള്ളികളിലെ ഖുതുബ (പ്രസംഗം) 10 മിനിറ്റിൽ കൂടരുതെന്ന് ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കുവൈത്തിലും ബഹ്‌റൈനിലും ജോലി സ്ഥലങ്ങളിൽ ഹാജർ രേഖപ്പെടുത്താൻ വിരലടയാളം പതിക്കേണ്ടതില്ലെന്ന നിർദേശവും നല്‍കിയിട്ടുണ്ട്.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here