gnn24x7

OpenAI CEO ആയി സാം ഓൾട്ട്മാൻ തിരിച്ചെത്തും

0
154
gnn24x7

സാം ഓൾട്ട്മാൻ ഓപ്പൺ എഐ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് കമ്പനി. ഇതുസംബന്ധിച്ച ധാരണയിൽ എത്തിക്കഴിഞ്ഞുവെന്നും കമ്പനിക്ക് പുതിയ ഡയറക്ടർ ബോർഡാവും ഉണ്ടാകുകയെന്നും OpenAI എക്സിലൂടെ വ്യക്തമാക്കി. സാം ഓൾട്ട്മാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സാം ഓൾട്ട്മാന്റെ തിരിച്ചുവരവിനൊപ്പം ഓപ്പൺ എഐയുടെ ഡയറക്ടർ ബോർഡും പരിഷ്കരിച്ചു. ഓൾട്ട്മാനെ പുറത്താക്കിയ തീരുമാനത്തിൽ വലിയ വിമർശനം നേരിട്ട വിവിധ ബോർഡ് അംഗങ്ങളെ ഒഴിവാക്കിയാണ് പുതിയ ഡയറക്ടർ ബോർഡ്.

സെയിൽസ്ഫോഴ്സ് മുൻ ചീഫ് എക്സിക്യൂട്ടീവ് ബ്രെട്ട് ടെയ്ലർ, മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ്, ക്വോറ സ്ഥാപകൻ ആഡം ഡി ആഞ്ചെലോ എന്നിവർ അടങ്ങുന്നതാണ് പുതിയ ഡയറക്ടർ ബോർഡ്. ബ്രെട്ട് ടെയ്ലറാണ് ബോർഡ് ചെയർമാൻ. ഓപ്പൺ എഐയുടെ ചീഫ് സയന്റിസ്റ്റായ ഇല്യ സുറ്റ്സ്ലെവർ, സ്വതന്ത്ര ഡയറക്ടർമാരായ ഡി ആഞ്ചെലോ, സംരംഭകയായ താഷ മക്കൂലേ, ജോർജ്ടൗൺ സെന്റർ ഫോർ സെക്യൂരിറ്റി ആന്റ് എമർജിങ് ടെക് നോളജിയിലെ ഹെലെൻ ടോണർ എന്നിവരാണ് മുമ്പ് ബോർഡിലുണ്ടായിരുന്നത്. ഓൾട്ട്മാനെ പുറത്താക്കിയ തീരുമാനത്തിൽ ഇവർ വലിയ വിമർശനം നേരിട്ടു.

ഓപ്പൺ എഐയിൽ 49 ശതമാനം നിക്ഷേപമുള്ള മൈക്രോസോഫ്റ്റിന്റെ ഇടപെടലിലൂടെയാണ് സാം ഓൾട്ട്മാന്റെ തിരിച്ചുവരവ്. ഓപ്പൺ എഐയുടെ തീരുമാനത്തിന് പിന്നാലെ ഓൾട്ട്മാനെ തങ്ങളുടെ ഭാഗമാക്കാനും മൈക്രോസോഫ്റ്റ് ശ്രമിച്ചിരുന്നു. ഓൾട്ട്മാനെ അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഓപ്പൺ എഐ വിട്ട് അദ്ദേഹം മൈക്രോസോഫ്റ്റിൽ ചേരാനൊരുങ്ങുന്നു എന്ന വാർത്തകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ജീവനക്കാർ രംഗത്തെത്തിയത്. ബോർഡ് അംഗങ്ങൾ രാജിവെക്കാത്തപക്ഷം കമ്പനി വിടുമെന്നായിരുന്നു ജീവനക്കാരുടെ ഭീഷണി.

700-ലേറെ ജീവനക്കാരാണ് ബോർഡിനെതിരെ കത്തെഴുതിയത്. ഓൾട്ട്മാനെ പുറത്താക്കിയ രീതിയിൽ ക്രമക്കേടുണ്ടെന്ന് ഇവർ ആരോപിച്ചിരുന്നു. ബോർഡ് രാജിവെക്കുകയും ഓൾട്ട്മാനെയും ബ്രോക്ക്മാനെയും തിരികെ കൊണ്ടുവരികയും ചെയ്തില്ലെങ്കിൽ ഓൾട്ട്മാന് പിന്നാലെ തങ്ങളും മൈക്രോസോഫ്റ്റിലേക്ക് പോവുമെന്ന ഭീഷണിയും അവർ ഉയർത്തിയിരുന്നു. അതിനിടെ, സാം ഓൾട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനുമൊപ്പം ചില സഹപ്രവർത്തകും മൈക്രോസോഫ്റ്റിന്റെ എഐ റിസർച്ച് ടീമിലേക്ക് വരുമെന്നാണ് കഴിഞ്ഞ ദിവസം മൈക്രോസോറ്റ് മേധാവി സത്യ നദെല്ല അറിയിച്ചത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7