gnn24x7

ഷിൻസോ ആബെ കൊല്ലപ്പെട്ടു.

0
175
gnn24x7

ടോക്യോ: ജപ്പാൻ മുൻപ്രധാനമന്ത്രി ഷിൻസോ ആബെ (Shinzo Abe) കൊല്ലപ്പെട്ടു. 67 വയസായിരുന്നു. പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കവേയാണ് മരണം. പടിഞ്ഞാറൻ ജപ്പാനിലെ നരാ പട്ടണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഷിൻസോ ആബെയ്ക്ക് അക്രമിയുടെ വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

പ്രസംഗത്തനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 41 വയസ് തോന്നിക്കുന്നയാളാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. പ്രസംഗം തുടങ്ങി മിനിറ്റുകൾക്കകമായിരുന്നു ആക്രമണം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്കും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷിയായ യുവതിയും പ്രതികരിച്ചു. രണ്ടാമത്തെ വെടിയേറ്റതിന് പിന്നാലെ ആബെ നിലത്തുവീഴുകയായിരുന്നു. രക്തംവാർന്നൊലിക്കുന്ന നിലയിലാണ് അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്.

ഏറ്റവും കൂടുതൽകാലം ജപ്പാൻ പ്രധാനമന്ത്രിപദം വഹിച്ചിരുന്നയാളാണ് ആബെ. 2006 ൽ ഒരു വർഷത്തേക്കും പിന്നീട് 2012 മുതൽ 2020 വരെയും അദ്ദേഹം ജപ്പാൻ പ്രധാനമന്ത്രി പദത്തിൽ തുടർന്നു. ആരോഗ്യകാരണങ്ങളെ തുടർന്നാണ് അദ്ദേഹം 2020 ൽ സ്ഥാനം ഒഴിഞ്ഞത്. ഇന്ത്യയുമായും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്തബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ആബെ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here