കൊച്ചി; എറണാകുളത്തെ പെരുമ്പാവൂരിൽ നടത്തിയ റെയ്ഡിൽ അൽ ഖ്വയ്‌ദ ഭീകരർ പിടിയിലായ വിവരം എൻഐഎ (NIA) സ്ഥിരീകരിച്ചു. പിടിയിലായവർ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നും അവരുടെ വൻ പദ്ധതിയാണ് ഇന്നത്തെ അറസ്റ്റിലൂടെ തകർത്തതെന്നും NIA വ്യക്തമാക്കി.
ഇവർ ഡൽഹിയിൽ നിന്നും ആയുധങ്ങൾ എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും മാത്രമല്ല ധനസമാഹരണത്തിനായി ഡൽഹിയിലെത്താൻ ശ്രമിച്ചിരുന്നതായും NIA അറിയിച്ചു. NIA റിപ്പോർട്ട് അനുസരിച്ച് തന്ത്രപ്രധാന സ്ഥാപനങ്ങളിൽ ഇവർ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ്. ഇവരിൽ നിന്നും വൺ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ രാജ്യവിരുദ്ധ പ്രസംഗങ്ങളുടെ കോപ്പികളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഇവർ സാധാരണക്കാരായ ആളുകളെ കൊല്ലാനും പദ്ധതിയിട്ടതായാണ് എൻഐഎ വ്യക്തമാക്കുന്നത്. ഇവരുടെ കയ്യിൽ നിന്നും ജിഹാദി ലിറ്ററേച്ചർ, നാടൻ തോക്കുകൾ, മൂർച്ചയേറിയ ആയുധങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എൻഐഎ ഒരു രാത്രി മുഴുവനും അരിച്ചുപറക്കിയിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര് താമസിച്ച വീട് വളഞ്ഞാണ് പൊലീസ് ഇവരെ കീഴടക്കിയത്.
NIA രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 9 തീവ്രവാദികളെയാണ് അറസ്റ്റു ചെയ്തത്. കേരളത്തെ കൂടാതെ ബംഗാളിൽ നിന്നുമാണ് തീവ്രവാദികളെ അറസ്റ്റു ചെയ്തിരിക്കുന്നത്. കൂടാതെ കേരളത്തിൽ നിന്നും അറസ്റ്റു ചെയ്ത മൂവരും പാക്കിസ്ഥാനിൽ നിന്നും തീവ്രവാദ പരിശീലനം നേടിയവരാണ് എന്നാണ് റിപ്പോർട്ട്.
മൂർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽ നിന്നും പിടിയിലായത്. ഇവർ അന്യ സംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക നിഗമനം. ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി NIA ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. നിർമ്മാണ തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ കൊച്ചിയിൽ തമ്പടിച്ചിരുന്നത്. ഏറെക്കാലമായി മൂന്ന് പേരും പെരുമ്പാവൂരിലെ മുടിക്കലിൽ ജോലി ചെയ്യുകയായിരുന്നു.







































