gnn24x7

പീഡനക്കേസുകളിലെ ഇരകള്‍ക്ക് സൗജന്യനിരക്കില്‍ കയറും വിഷവും നല്‍കാന്‍ കേരള സര്‍ക്കാര്‍ നടപടിയെടുക്കണം; രൂക്ഷ വിമർശനവുമായി മയൂഖ ജോണി

0
176
gnn24x7

കൊച്ചി: പീഡിപ്പിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യപ്പെടുന്ന പാവം ഇരകള്‍ക്ക് സൗജന്യനിരക്കില്‍ കയറും വിഷവും നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മയൂഖ ജോണി. ആളൂര്‍ പീഡനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് മുന്‍കൈയെടുത്ത കേരള പൊലീസിനും കേരളത്തിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ വക്കീലിനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ ദയനീയമായ പ്രകടനവും പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള നിശ്ശബ്ദതയും അങ്കലാപ്പും കാണേണ്ടതായിരുന്നുവെന്നും മയൂഖ വിമര്‍ശിച്ചു.

കേസില്‍ പ്രതിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത്, രാകേന്ദ് ബസന്ത് എന്നിവരാണ് കോടതിയില്‍ ഹാജരായത്. ഇരയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗോവറും സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശുമാണ് ഹാജരായിരുന്നത്.

പൊലീസ് എഴുതിക്കൊടുത്ത റിപ്പോര്‍ട്ട് പോലും കോടതിയില്‍ ഒന്ന് വായിച്ചുകേള്‍പ്പിക്കുക പോലും ചെയ്തില്ല. ഉന്നതമായ കോടതിയില്‍ സംസ്ഥാനത്തെയും കേരളാ പൊലീസിനെയും പ്രതിനിധീകരിക്കുന്നയാള്‍ക്ക് സ്ത്രീപീഡന കേസുകളിലുള്ള ഇടതുസര്‍ക്കാരിന്റെ നയമെന്താണെന്ന് വിവരിക്കുന്ന ഒരു കുറിപ്പ് ബന്ധപ്പെട്ടവര്‍ അയച്ചുകൊടുക്കണമെന്നും അവര്‍ പറഞ്ഞു.

ജസ്റ്റിസ് അജയ് അസ്‌തോഗി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് മയൂഖ ഉന്നയിച്ച ആളൂര്‍ പീഡനക്കേസിലെ പ്രതിക്ക് ഇന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണവും വിചാരണയും അടക്കം കേസുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങള്‍ തുടരാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥ വിചാരണാകോടതിക്ക് നിശ്ചയിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here