gnn24x7

ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2440 കോടിരൂപ കേന്ദ്രം അനുവദിച്ചു

0
174
gnn24x7

തിരുവനന്തപുരം: ജി.എസ്.ടി. നഷ്ടപരിഹാരമായി കേരളത്തിന് 2440 കോടിരൂപ കേന്ദ്രം അനുവദിച്ചു. കഴിഞ്ഞ ഡിസംബർമുതൽ ഈവർഷം ഫെബ്രുവരിവരെയുള്ള കുടിശ്ശികയിൽ ശേഷിച്ചതാണ് അനുവദിച്ചത്.എന്നാൽ കേരളത്തിന് ആയിരംകോടി രൂപകൂടി ബാക്കിയുണ്ടെന്ന് സംസ്ഥാന ധനവകുപ്പ് പറഞ്ഞു.

കോവിഡ് രോഗവ്യാപനത്തോടെ സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി തകർന്നതിനാലാണ് കുടിശ്ശിക അനുവദിക്കാൻ കേന്ദ്രം തയ്യാറായത്.36,400 കോടിരൂപയാണ് ഇത്തവണ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം അനുവദിച്ചത്. ഇതോടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ കുടിശ്ശിക മുഴുവൻ നൽകിയതായി കേന്ദ്രം അറിയിച്ചു. ജി.എസ്.ടി. നടപ്പാക്കുമ്പോൾ, 2014-15ൽ ലഭിച്ചതിനെക്കാൾ 14 ശതമാനം അധികം നികുതിവരുമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കണം. അല്ലെങ്കിൽ കേന്ദ്രം നഷ്ടപരിഹാരം നൽകണം. നിയമപ്രകാരം രണ്ടുമാസത്തിലൊരിക്കലാണ് നഷ്ടപരിഹാരം നൽകേണ്ടത്. എന്നാൽ കഴിഞ്ഞ സാമ്പത്തികവർഷം മുതൽ നഷ്ടപരിഹാരം സമയത്ത് നൽകിയിരുന്നില്ല. ഇതിനെതിരേ സംസ്ഥാനങ്ങൾ പ്രതിഷേധിച്ചിരുന്നു.

മാർച്ച് അവസാനംമുതൽ രാജ്യം ലോക്ഡൗണിലാണ്. സംസ്ഥാനങ്ങൾക്ക് ഇക്കാലത്ത് വൻ നികുതി നഷ്ടമുണ്ടായി. കേരളത്തിന് ഏപ്രിൽ, മേയ് മാസങ്ങളിൽമാത്രം മുൻവർഷത്തെക്കാൾ 2401 കോടിരൂപയുടെ കുറവുണ്ടായി. ഈ കുറവ്‌ പരിഹരിക്കാനും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകാനുമായി വൻതുക കേന്ദ്രം ചെലവിടേണ്ടിവരും. ചില സാധനങ്ങൾക്കുമേൽ ചുമത്തുന്ന സെസിൽനിന്നാണ് കേന്ദ്രം നഷ്ടപരിഹാരത്തിനുള്ള പണം കണ്ടെത്തുന്നത്. ഈ സെസിൽനിന്ന് ഇപ്പോൾ കിട്ടുന്ന തുക നഷ്ടപരിഹാരം നൽകാൻ അപര്യാപ്തമാണെന്നാണ് കേന്ദ്രനിലപാട്. നഷ്ടപരിഹാരസംവിധാനം ഇപ്പോൾ പ്രതിസന്ധിയിലാണ്. മൂന്നുമാസത്തിനുശേഷം ഈ മാസം 12-ന് ജി.എസ്.ടി. കൗൺസിൽ ചേരുന്നുണ്ട്. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം. സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരത്തെപ്പറ്റി യോഗം ചർച്ചചെയ്യും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here