gnn24x7

സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ; ആറുതവണയായി കടത്തിയത് 100 കോടിയുടെ സ്വർണം

0
175
gnn24x7

തിരുവനന്തപുരം: സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്ത് തുടങ്ങിയത് 2019 മുതൽ. ആറുതവണയായി നൂറുകോടി വിലമതിക്കുന്ന സ്വർണം കടത്തിയതായാണ് കണ്ടെത്തിയത്. ഐടി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്നാ സുരേഷാണ് സ്വർണകടത്തിന്റെ മുഖ്യആസൂത്രകയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇവർ ഒളിവിലാണ്. കസ്റ്റംസിന്റെ പിടിയിലായ കോൺസുലേറ്റ് മുൻ പിആർഒയും തിരുവല്ല സ്വദേശിയുമായ സരിത്തിൽ നിന്നാണ് കൂട്ടാളിയായ സ്വപ്നയെ കുറിച്ചുള്ള വിവരം ലഭിച്ചത്. 15 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് പാഴ്സലിൽ കണ്ടെത്തിയത്. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്.

കേസിൽപ്പെട്ടതിനുപിന്നാലെ ഐടി പാർക്കിലെ ജോലിയിൽനിന്ന് സ്വപ്നയെ സർക്കാർ പുറത്താക്കി. സ്വപ്നയുടെ ഉന്നതബന്ധങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐടി സെക്രട്ടറി എം ശിവശങ്കറുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ആരോപണം. ഒരുലക്ഷം രൂപയ്ക്കുമേൽ ശമ്പളമുള്ള നിയമനം വഴിവിട്ടാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്വപ്നയുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടത്തെ നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു. ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തു. സ്വർണക്കടത്തിലെ കൂട്ടാളികൾ ഫ്ളാറ്റിൽ എത്തിയിരുന്നതായി സൂചനയുണ്ട്.

ഓരോതവണ സ്വർണം കടത്തുമ്പോഴും സരിത്തിനും സ്വപ്നയ്ക്കും 25 ലക്ഷം രൂപ കിട്ടിയിരുന്നു. ഇതിൽ 10 ലക്ഷം രൂപ സ്വപ്നയ്ക്കും ശേഷിക്കുന്ന തുക സരിത്തിനുമായിരുന്നു. എംബസി ഉദ്യോഗസ്ഥർക്ക് നാട്ടിൽനിന്നുള്ള ഭക്ഷണസാധനങ്ങളെന്ന് പറഞ്ഞായിരുന്നു കടത്ത്. കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ് തുറക്കാൻ സാധാരണ വിദേശമന്ത്രാലയം അനുമതി നൽകില്ല. അനുമതി ആവശ്യപ്പെട്ടാൽപോലും രണ്ടോമൂന്നോ ദിവസം വേണ്ടിവരും. ഇതിനിടെ സമ്മർദംചെലുത്തി ബാഗ് കൊണ്ടുപോകാൻ കഴിയും. ഈ പഴുതാണ് ഉപയോഗിച്ചത്. ഇതേസമയം, സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണ് കോൺസുലേറ്റിന്റെ വിശദീകരണം.

സരിത്ത് കോൺസുലേറ്റിൽ പിആർഒ ആയിരുന്നു. പിന്നീട് പുറത്താക്കപ്പെട്ടു. എങ്കിലും ഡിപ്ലോമാറ്റിക് ലഗേജ് ഉൾപ്പെടെയുള്ള നിർണായക രേഖകൾ എംബസിക്കുവേണ്ടി സ്വീകരിക്കാൻ ഇയാൾക്ക് കോൺസുലേറ്റ് കരാർ നൽകിയിരുന്നു. പിആർഒയായി വ്യാജ തിരിച്ചറിയൽ കാർഡും ഇയാൾ തയ്യാറാക്കി. ഇതുപയോഗിച്ച് വിമാനത്താവളത്തിൽനിന്ന് സ്വർണം പുറത്തെത്തിക്കുന്നത് സരിത്തായിരുന്നു. സ്വർണം കടത്തിയ നയതന്ത്രബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചപ്പോൾ സരിത്തിനൊപ്പം വിമാനത്താവളത്തിൽ അറബി വേഷത്തിൽ ഒരാൾ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്. ഇദ്ദേഹം യഥാർഥത്തിൽ എംബസി ഉദ്യോഗസ്ഥനാണോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here