gnn24x7

അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം തട്ടാന്‍ ശ്രമം; സാജന്‍ കേച്ചേരി ഭീഷണിപ്പെടുത്തുന്നതായി കണ്ണൂര്‍ സ്വദേശി വര്‍ഷ

0
222
gnn24x7

കോഴിക്കോട്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാജന്‍ കേച്ചേരി ഭീഷണിപ്പെടുത്തുന്നതായി കണ്ണൂര്‍ സ്വദേശി വര്‍ഷ. അമ്മയുടെ അസുഖത്തിനായി സമാഹരിച്ച തുകയുടെ പങ്ക് ഇവരുടെ അക്കൗണ്ടിലേക്ക് മാറണമെന്ന് നിര്‍ബന്ധിക്കുന്നുവെന്ന് വര്‍ഷ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

ഇയാള്‍ മാനസികമായി തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും വര്‍ഷ പറഞ്ഞു. അമ്മയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു വര്‍ഷ സാജനെ പരിചയപ്പെടുന്നത്.

രാത്രിയടക്കം ഫോണിലേക്ക് പലരും വിളിച്ച് കൊണ്ടിരിക്കുകയാണെന്നും ചികിത്സയ്ക്കായി ലഭിച്ച തുകയില്‍ നിന്നും അവര്‍ തന്നോട് സഹായിക്കണമെന്ന് പറഞ്ഞാണ് വിളിക്കുന്നതെന്നും വര്‍ഷ പറയുന്നു.

പണം തരില്ലെന്നല്ല പറഞ്ഞതെന്നും മൂന്ന് മാസം ബാക്കി നില്‍ക്കുന്ന ചികിത്സകൂടി കഴിയട്ടെയെന്നും വര്‍ഷ പറയുന്നു.

ഒറ്റദിവസം കൊണ്ട് 85 ലക്ഷം രൂപയാണ് വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടിലെത്തിയത്. എന്നാല്‍ സര്‍ജറി കഴിഞ്ഞ് മൂന്ന് മാസം ഇനിയും ചികിത്സ ബാക്കി നില്‍ക്കുന്നുണ്ടെന്നും നിലവില്‍ കയ്യിലുള്ള പൈസ തീര്‍ന്നു പോയാല്‍ ഇനിയാരുടെ മുന്നില്‍ കൈ നീട്ടുമെന്നും വര്‍ഷ ലൈവില്‍ ചോദിക്കുന്നു.

തന്റെ അക്കൗണ്ടിലെ പൈസ സാജന് കൂടി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിധത്തിലാക്കണമെന്ന് ആദ്യം പറഞ്ഞിരുന്നതായും അത് നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് നിലവില്‍ ഭീഷണിപ്പെടുത്തുന്നതെന്നും വര്‍ഷ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലരും തന്നെ വിളിക്കുന്നെന്നും ജീവനോടെ മടങ്ങി പോകാന്‍ കഴിയില്ലാന്നാണ് കരുതുന്നതെന്നും അവര്‍ പറയുന്നു. നിലവില്‍ അതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയെ സഹായിക്കുന്നുണ്ടെന്നും വര്‍ഷ ലൈവില്‍ വ്യക്തമാക്കുന്നു.

അതേസമയം ആരോപണങ്ങള്‍ക്കെതിരെ പ്രതികരണവുമായി സാജന്‍ കേച്ചേരിയും രംഗത്തെത്തിയിരുന്നു. താന്‍ അവരുടെ ആവശ്യം കവിഞ്ഞ് ബാക്കിവരുന്ന തുക അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാനാണ് പറഞ്ഞതെന്നായിരുന്നു സാജന്‍ പറഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here