കേരളത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച മേജര്‍ രവിയുടെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവായി. വിഷയം അതീവ ഗൗരവമുള്ളതാണെന്നും ചീഫ് സെക്രട്ടറി ആറാഴ്ചക്കകം മറുപടി നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
മരടിലെ അനധികൃത ഫ്ളാറ്റുകള്‍ പൊളിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലെ കോടതി നടപടികളുമായി ബന്ധപ്പെട്ടാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടേയും പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് കാണിച്ച് മേജര്‍ രവി ഹര്‍ജി നല്‍കിയത്.
കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചിട്ടുള്ള മുഴുവന്‍ അനധികൃത കെട്ടിടങ്ങളുടേയും പട്ടിക കൈമാറണമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി നാലുമാസത്തെ സമയമാണ് നേരത്തെ അനുവദിച്ചത്.
എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി ഇത്തരമൊരു റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് മേജര്‍ രവി കോടതി അലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. മരടില്‍ പൊളിക്കപ്പെട്ട ഫ്ളാറ്റുകളിലൊന്നിന്റെ ഉടമയാണ് മേജര്‍ രവി. കഴിഞ്ഞ രണ്ടുതവണയും ഇദ്ദേഹത്തിന്റെ ഹര്‍ജി പരിഗണനയില്‍ വന്നപ്പോഴും ഇക്കാര്യത്തില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തീരുമാനമെടുത്തില്ല. ഫ്ളാറ്റുകള്‍ പൊളിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാമെന്നായിരുന്നു ബെഞ്ചിന്റെ നിലപാട്.
തുടര്‍ന്ന് മരട് ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനൊപ്പമാണ് മേജര്‍ രവിയുടെ ഹര്‍ജിയും ഇന്നു കോടതി പരിഗണിച്ചത്. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് സെക്രട്ടറിയുടെ നിലപാട് കോടതിക്ക് അറിയണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.മാര്‍ച്ച് അവസാനം ഹര്‍ജി വീണ്ടും പരിഗണിക്കും.