gnn24x7

ഹർത്താലിൽ പരക്കെ ആക്രമണം: പെട്രോൾ ബോംബേറ്, പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി

0
140
gnn24x7

തിരുവനന്തപുരം: നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ ആദ്യ മണിക്കൂറുകളിൽതന്നെ സംസ്ഥാനത്ത് വ്യാപക ആക്രമണം. പലയിടത്തും കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ ആക്രമണമുണ്ടായി. സ്വകാര്യ വാഹനങ്ങളിൽ യാത്രചെയ്തവർക്കു നേരെയും പോലീസ് ഉദ്യോഗസ്ഥർക്കു നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ആക്രമണം നടത്തിയ ഏതാനും ഹർത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂരിൽ ഹർത്താലനുകൂലികൾ ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. സീനിയർ സിവിൽ പോലീസ് ഓഫീസർ ആന്റണി, സിപിഒ നിഖിൽ എന്നിവർക്ക് പരിക്കേറ്റു. ഹർത്താലനുകൂലികൾ യാത്രക്കാരെ അസഭ്യം പറഞ്ഞത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം. പോലീസിന്റെ ബൈക്കിലൽ ഹർത്താൽ അനുകൂലി ബൈക്ക് കൊണ്ടിടിക്കുകയായിരുന്നു. ആക്രമണം നടത്തിയത് കൂട്ടിക്കട സ്വദേശിയായ ഷംനാദ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കരുനാഗപ്പള്ളിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിൽ തുറന്നുപ്രവർത്തിച്ച കട ഹർത്താൽ അനുകൂലികൾ ആക്രമിച്ചു. 15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി പള്ളുരുത്തിയിൽ വഴി തടഞ്ഞ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വാഹനത്തിന് നേരെ കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. താമരശ്ശേരിയിൽ ചരക്ക് ലോറിക്ക് നേരെ കല്ലേറുണ്ടായി. കണ്ണൂരിലേക്ക് പോകുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്, ലോറിയുടെ ഗ്ലാസ് കല്ലേറിൽ തകർന്നു. കണ്ണൂരിൽ രണ്ട് ലോറികളുടെ താക്കോൽ ഹർത്താൽ അനുകൂലികൾഎടുത്തുകൊണ്ടുപോയത് ഗതാഗത തടസത്തിന് ഇടയാക്കി.

കണ്ണൂർ വളപട്ടണത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിനുനേരെ കല്ലേറുണ്ടായി. പത്തനംതിട്ട സ്വദേശിനി അനഘ, മാവിലായി സ്വദേശിനി പ്രസന്ന എന്നീ യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് കൊല്ലൂരിലേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപവും കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here