gnn24x7

കളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു; മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ സമരത്തിലേക്ക്

0
96
gnn24x7

കൊച്ചി: കളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ സമരത്തിലേക്ക്. വരും ദിവസങ്ങളിൽ ശക്തമായ സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ് എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നാളെ എംഎൽഎ ഓഫീസിലേക്ക് രാവിലെ 11 മണിക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാത്യുവിനെതിരായ സമരവും അദ്ദേഹത്തിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്കും സിഎംആർഎൽ പണം കൈമാറ്റ വിവാദവുമായി ബന്ധമുള്ളതല്ലെന്നും സനോജ് പറഞ്ഞു. മാത്യുവിനെതിരെ പോക്സോ കേസ് പ്രതിയെ സഹായിച്ച സംഭവത്തിൽ നേരത്തെ സമരം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വിജിലൻസ് സംഘത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ നാളെ റവന്യൂ വിഭാഗം സർവേ നടത്തും. ഇതിനായി എംഎൽഎയ്ക്ക് നോട്ടീസ് നൽകി. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമി അളന്ന് പരിശോധിക്കും. രാവിലെ 11നാണ് റീസർവേ നിശ്ചയിച്ചിരിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സർവേക്ക് നോട്ടീസ് നൽകിയതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. കോതമംഗലത്ത് കുടുംബ വീട്ടിൽ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സർവേ. സർവേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്ന് താലൂക്ക് സർവേയർ നോട്ടീസിൽ മാത്യു കുഴൽനാടൻ എം എൽ എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഡബ്ല്യുഡി റോഡിനായി കുടുംബവീടിന്റെ സ്ഥലം വിട്ടുകൊടുത്തുവെന്നും അതിന് ശേഷം ഭൂമി ഉയർന്നതിനാൽ വാഹനം കയറാൻ പാകത്തിൽ റോഡ് ഉണ്ടാക്കുകയായിരുന്നുവെന്നും മാത്യു കുഴൽനാടൻ പറയുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7