gnn24x7

പേ വിഷ പ്രതിരോധ വാക്സീന്‍റെ ഗുണനിലവാര പരിശോധന നടത്തും

0
176
gnn24x7

തിരുവനന്തപുരം : ഒടുവിൽ പേ വിഷ പ്രതിരോധ വാക്സീന്‍റെ ഗുണനിലവാര പരിശോധനക്ക് തയാറായി കേരള സർക്കാർ. ഇമ്യൂണോ ഗ്ലോബുലിനും പേ വിഷ പ്രതിരോധ വാക്സീനും പരിശോധിക്കും. ഇതിനായി പേ വിഷ പ്രതിരോധ വാക്സീൻ എടുത്തിട്ടും മരണം സംഭവിച്ചവർക്ക് നൽകിയ ബാച്ച് ഇമ്യൂണോ ഗ്ലോബുലിന്‍റേയും പ്രതിരോധ വാക്സീന്‍റേയും അതത് ബാച്ചുകളാണ് ഗുണനിലവാര പരിശോധനക്ക് അയക്കുന്നത്. കസൌളിയിലെ സെൻട്രൽ ഡ്രഗ്സ് ലാബിലേക്ക് അയച്ചാണ് ഇമ്യൂണോ ഗ്ലോബുലിനും പേവിഷ പ്രതിരോധ വാക്സീനും ഗുണ നിലവാരം ഉള്ളതാണോ എന്ന് പരിശോധിക്കുക. കേരളം വാങ്ങിയ വിൻസ് ബയോ പ്രോഡക്ടിന്‍റെ ഇമ്യൂണോ ഗ്ലോബുലിനും ഗുജറാത്ത് ആസ്ഥാനമായ ചിറോറാബിന്‍റെ പേ വിഷ പ്രതിരോധ വാക്സീനും ആണ് പരിശോധിക്കുന്നത്.

ഇമ്യൂണോ ഗ്ലോബുലിന്‍റേയും പേ വിഷ പ്രതിരോധ വാക്സീന്‍റേയും ഗുണനിലവാരം കേന്ദ്ര ലാബിലേക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കാൻ തീരുമാനിച്ചത് ഇന്നലെയാണ് . ഇതനുസരിച്ച് ആരോഗ്യവകുപ്പ് മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. മെഡിക്കൽ സർവീസസ് കോർപറേഷൻ നിർദേശം ഡ്രഗ്സ് കൺട്രോളർ വകുപ്പിന് കൈമാറി കഴിഞ്ഞു.

ഇനി ഏതൊക്കെ ബാച്ചിലെ വാക്സീനും സിറവുമാണ് പേവിഷ ബാധ ഏറ്റ് മരിച്ചവർക്ക് നൽകിയതെന്ന പട്ടിക എടുക്കണം. അതിനുശേഷം ആ ബാച്ചിലെ മരുന്നുകൾ പരിശോധനക്ക് അയക്കും. മുൻ കരുതൽ ആയി സെന്‍ട്രൽ ഡ്രഗ് ലാബിലെ ഫലം വരും വരെ പരിശോധനക്ക് അയക്കുന്ന ബാച്ച് വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും ഉപയോഗിക്കില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here