gnn24x7

കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ മദ്യവ്യാപാരം വീണ്ടെടുക്കാന്‍ ഉദാര നടപടികളുമായി ദുബായ് ഭരണകൂടം

0
171
gnn24x7

കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ മദ്യവ്യാപാരം വീണ്ടെടുക്കാന്‍ ഉദാര നടപടികളുമായി ദുബായ് ഭരണകൂടം. മദ്യം വാങ്ങാനും കൈവശം വയ്ക്കാനും കൊണ്ടുപോകാനുമുള്ള നിയമങ്ങള്‍ പരിഷ്‌കരിച്ചു. വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും പാസ്പോര്‍ട്ട് ഉപയോഗിച്ച് വിതരണക്കാരില്‍ നിന്ന് ഇനി മദ്യം വാങ്ങാന്‍ കഴിയും.

ദുബായില്‍ ലൈസന്‍സ് ഉള്ളവര്‍ക്കാണ് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള അനുമതി. മുസ്ലിംകള്‍ക്കും 21 വയസ്സില്‍ താഴെയുള്ളവര്‍ക്കും മദ്യം ലഭിക്കില്ല.അതേസമയം, ഇതര രാജ്യങ്ങളില്‍ നിന്നെത്തി ദുബായില്‍ കഴിയുന്നവര്‍ക്ക് മദ്യം വാങ്ങാനുള്ള അനുമതി കാര്‍ഡ് ലഭിക്കാന്‍ ഇനി സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല. ജീവനക്കാരുടെ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള വാങ്ങല്‍ നിയന്ത്രണത്തിലും രാജ്യം ഇളവ് വരുത്തിയിട്ടുണ്ട്.മദ്യം വാങ്ങുന്നതിന് നിലവിലുള്ള ചുവപ്പു കാര്‍ഡിനു പകരം കറുപ്പു നിറമുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ നല്‍കിത്തുടങ്ങി.ഈ മാസം 31 കഴിഞ്ഞാല്‍ ഈ കാര്‍ഡുകളേ ഉപയോഗിക്കാനാകൂ.

ലോക്ക്ഡൗണ്‍ വന്നശേഷം ദുബായില്‍ മദ്യവില്‍പ്പന ഗണ്യമായി കുറഞ്ഞത് സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമായിരുന്നു.ഭരണകൂടത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് ഇതോടെ താറുമാറായത്. ഈ നില മാറ്റിയെടുക്കാനാണ് നിബന്ധനകളില്‍ അയവു വരുത്തുന്നത്.2019 ലെ വില്‍പ്പന 2018 നെ അപേക്ഷിച്ച് 9 ശതമാനം ഇടിഞ്ഞ് 141.51 ദശലക്ഷം ലിറ്റര്‍ ആയെന്ന കണക്ക് പുറത്തു വന്നതിനു പിന്നാലെയാണ് കോവിഡ് വ്യാപകമായതും വിപണി തകര്‍ന്നടിഞ്ഞതും.

യുഎഇയില്‍ ഷാര്‍ജയിലൊഴിച്ച് മറ്റെല്ലാ എമിറേറ്റുകളിലും മദ്യവില്‍പനയുണ്ട്. ആഫ്രിക്കന്‍ ഈസ്റ്റേണ്‍ കമ്പനിക്ക് യുഎഇയില്‍ 28 കടകളുണ്ട്. ദുബായില്‍ മാത്രം 17 എണ്ണം. ഇതില്‍ 16 എണ്ണം തുറന്നുപ്രവര്‍ത്തിക്കുന്നു. ലൈസന്‍സുള്ളവര്‍ക്ക് ഇവിടെ നിന്നും നേരിട്ടും മദ്യം വാങ്ങാം. അവിടെയും കോവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.ഇത്ര അളവ് മദ്യം കൈവശം വയ്ക്കാം എന്ന രീതിയല്ല ദുബായില്‍. ശമ്പളശേഷി അനുസരിച്ചാണ് ലൈസന്‍സ് വ്യവസ്ഥ.ദുബായ് പൊലീസാണ് ലൈസന്‍സ് തരുന്നത്. മുമ്പ് തൊഴില്‍ ഉടമയുടെ സമ്മതപത്രവും വേണമായിരുന്നു. ഇപ്പോള്‍ പാസ്‌പോര്‍ട്ട്, വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ മതി.വെബ് സൈറ്റിലൂടെ ലൈസന്‍സിന് അപേക്ഷിക്കാനും സൗകര്യമുണ്ട്.

പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീയില്‍ കഴിഞ്ഞവര്‍ഷം ഏറ്റവുമധികം വിറ്റഴിഞ്ഞത് ബിയറാണ്. 90 ലക്ഷം ക്യാന്‍. വിസ്‌കി 31 ലക്ഷം ബോട്ടില്‍. വൈന്‍ 15 ലക്ഷം ബോട്ടില്‍ എന്നിങ്ങനെയാണ് കണക്കുകള്‍. കോവിഡ് കാലത്ത് ദുബായില്‍ ഓണ്‍ലൈന്‍ വഴിയുള്ള മദ്യവ്യാപാരം മെച്ചപ്പെട്ടിരുന്നു. അംഗീകൃത മദ്യവിതരണ കമ്പനികളായ എംഎംഐ, ആഫ്രിക്കന്‍ ഇസ്റ്റേണ്‍ കമ്പനി എന്നിവ സംയുക്തമായാണ് മദ്യം വിതരണം ചെയ്യുന്നത്.  മാര്‍ച്ച് 31നാണ് ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാനുള്ള അനുമതി ദുബായില്‍ നല്‍കിയത്.

ഓണ്‍ലൈന്‍ ആയി രാവിലെ 12 മണിക്ക് മുമ്പായി ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം വൈകിട്ട് നാലിന് മുമ്പായി ദുബായില്‍ എവിടെയായിരുന്നാലും മദ്യം ലഭിക്കും. ഓണ്‍ലൈനിലൂടെ മദ്യത്തിന് അപേക്ഷിക്കുമ്പോള്‍ ലൈസന്‍സ് നമ്പര്‍ നല്‍കണം. സന്ദര്‍ശകര്‍ പാസ്പോര്‍ട്ട് നമ്പര്‍ നല്‍കണം. മദ്യം ഡെലിവറി വരുന്നതിന് അരമണിക്കൂര്‍ മുമ്പ് ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് ലഭിക്കും. മദ്യം വീട്ടിലെത്തിക്കുമ്പോള്‍ ലൈസന്‍സോ പാസ്പോര്‍ട്ടോ കാണിക്കണം. 300 രൂപയുടെ ടക്കീല മുതല്‍ ഒരുലക്ഷം രൂപ വിലയുള്ള വൈന്‍ വരെ ലഭ്യമാണ്. ദുബായില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ്  ഓണ്‍ലൈനിലും മദ്യം ലഭിക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here