gnn24x7

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജെന്‍ഷ്യ വികസിപ്പിച്ച വീകണ്‍സോള്‍ ഒന്നാം സ്ഥാനം നേടി

0
458
gnn24x7

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജെന്‍ഷ്യ വികസിപ്പിച്ച വീകണ്‍സോള്‍ ഒന്നാം സ്ഥാനം നേടി.

ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റിയന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പാണ് ടെക്ജെന്‍ഷ്യ. രണ്ടായിരത്തോളം കമ്പനികളില്‍ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്.

ഒരു കോടി രൂപയും മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപകരണങ്ങള്‍ക്കുള്ള കരാറുമാണ് സമ്മാനം. ഇന്നലെ വൈകിട്ട് മൂന്നിന് കേന്ദ്ര ഇലക്ട്രോണിക്, ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് ഓണ്‍ലൈന്‍ ലൈവിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.

ആദ്യഘട്ടമായി 12 കമ്പനികളെ ഷോര്‍ട് ലിസ്റ്റ് ചെയ്യുകയും അവര്‍ക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നല്‍കുകയും ചെയ്തു. അവര്‍ സമര്‍പ്പിച്ച പ്രോട്ടോടൈപ്പുകള്‍ വിലയിരുത്തി മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയും അന്തിമ ഉല്‍പന്നം വികസിപ്പിച്ചെടുക്കാനായി 20 ലക്ഷം രൂപ വീതം മൂന്നു കമ്പനികള്‍ക്കും നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ വികസിപ്പിച്ച ഉല്‍പന്നങ്ങള്‍ പരിശോധിച്ചാണ് വിദഗ്ദ്ധരടങ്ങിയ ജൂറി ടെക്ജെന്‍ഷ്യയെ തെരഞ്ഞെടുത്തത്.

എം.സി.എ ബിരുദധാരിയായ ജോയി സെബാസ്റ്റിയന്‍ വര്‍ഷങ്ങളായി വീഡിയോ കോണ്‍ഫറന്‍സിംഗുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. 2000ല്‍ അവനീര്‍ എന്ന കമ്പനിയില്‍ വെബ് ഓഡിയോ കോണ്‍ഫറന്‍സിംഗിലാണ് തുടക്കം.

അവനീറിന്റെ ഉടമയായ ജെയിംസിനു വേണ്ടി വീഡിയോ കോണ്‍ഫറന്‍സിംഗ് റിസര്‍ച്ച് ആന്‍ഡ് ഡെലവലപ്മെന്റ് ചെയ്താണ് 2009ല്‍ ടെക്ജെന്‍ഷ്യ ആരംഭിച്ചത്. പിന്നീട് യൂറോപ്പിലേയും യു.എസിലേയും ഏഷ്യയിലേയും പല കമ്പനികള്‍ക്കും വേണ്ടി വീഡിയോ കോണ്‍ഫറന്‍സ് ഡൊമൈനില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ടെക്ജെന്‍ഷ്യ ഏറ്റെടുത്തിരുന്നു.

അപ്പോഴൊന്നും സ്വന്തമായി ഒരു ഉല്‍പന്നത്തെപ്പറ്റി ആലോചിച്ചിരുന്നില്ലെന്ന് ജോയി പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചിനെ തുടര്‍ന്നാണ് ടെക്ജെന്‍ഷ്യ ആദ്യമായി സ്വന്തമായി ഒരു ഉല്‍പന്നം തയ്യാറാക്കുന്നത്. അത് ഇന്ത്യയില്‍ ഒന്നാമതെത്തുകയും ചെയ്തു.

സുഹൃത്തുക്കളും ഐ.ടി രംഗത്തെ വിദഗ്ദ്ധരും ഉള്‍പ്പെടെ ഒട്ടേറെ ആളുകളെ പങ്കെടുപ്പിച്ച് പലതവണ പരീക്ഷണങ്ങള്‍ നടത്തിയാണ് ജോയി വികണ്‍സോളിന് അന്തിമരൂപം നല്‍കിയത്.

ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈന്‍ ചെയ്ത വീ കണ്‍സോള്‍ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളായി മാറിയതില്‍ അത്യധികം സന്തോഷമുണ്ടെന്നും ആലപ്പുഴക്കാരനായ ഒരാള്‍ ഈ നേട്ടം സ്വന്തമാക്കിയതിന്റെ ആവേശത്തിമര്‍പ്പിലാണ് തങ്ങളെന്നും മന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.

ആലപ്പുഴയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ജോയിയുടെ പങ്കാളിത്തവും നേതൃത്വവുമുണ്ട്. എന്നാല്‍ ഔദ്യോഗികമായി ജോയിയെ പങ്കാളിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ജോയിയ്ക്കും അതിനു താല്‍പര്യമുണ്ടായിരുന്നില്ല. വെറുതേ വിവാദമുണ്ടാക്കുന്നതെന്തിന് എന്ന മട്ട്. നമ്മുടെ നാട്ടില്‍ ഇതൊക്കെ മതിയല്ലോ വിവാദത്തിന്. ഇനി ആ പ്രശ്‌നമില്ല.

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നെറുകയില്‍ ചൂടിയാണ് ഇനി ജോയിയുടെയും സംഘത്തിന്റെയും നില്‍പ്പ്. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഇനി അവര്‍ക്ക് സമയം തികയുമോ എന്ന ആശങ്ക മാത്രമേയുള്ളൂ. ടീം ടെക്‌ജെന്‍ഷ്യയ്ക്ക് അഭിനന്ദനങ്ങള്‍, തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പുഴ മണ്ഡലവുമായി ബന്ധപ്പെട്ട എല്ലാ പ്രാദേശിക വികസന പരീക്ഷണങ്ങളുടെയും സാങ്കേതിക പിന്തുണ നല്‍കിവരുന്നത് ടെക്‌ജെന്‍ഷ്യ ആണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here