gnn24x7

യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വർദ്ധിച്ചു

0
129
gnn24x7

ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാനാവുന്നതിലും മുകളിലെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ ടിക്കറ്റുനിരക്ക് 40 മുതല്‍ 60 ശതമാനംവരെ ഉയര്‍ന്നതായി എയര്‍ലൈന്‍ മേധാവികളും പ്രമുഖ ട്രാവല്‍ ഏജന്റുമാരും പറയുന്നു.

ഒട്ടുമിക്ക കോവിഡ് നിയന്ത്രണങ്ങളും ഒഴിഞ്ഞതോടെ നാട്ടിലെത്തി പെരുന്നാള്‍ ആഘോഷമാക്കാമെന്ന പ്രവാസികളുടെ സ്വപ്നങ്ങള്‍ക്ക് ഇരുട്ടടിയാണ് നിരക്കുവര്‍ധന. അതുകൊണ്ടുതന്നെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയ പ്രവാസിമലയാളികളും ഒട്ടേറെയുണ്ട്. കോവിഡിന്റെ രണ്ടരവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പെരുന്നാളിന് നാട്ടിലെത്തി കെങ്കേമമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസിമലയാളികള്‍.

സ്‌പൈസ് ജെറ്റില്‍ ഒരാള്‍ക്ക് നേരിട്ട് ദുബായില്‍നിന്ന് കൊച്ചിയിലേക്ക് പോയിവരാന്‍ (റൗണ്ട് ട്രിപ്പ്) വെള്ളിയാഴ്ചത്തെ (ഏപ്രില്‍ 22) ടിക്കറ്റുനിരക്ക് 1011 ദിര്‍ഹം മുതലാണ്. എങ്കില്‍ ഏപ്രില്‍ 30-ന് പോയിവരാനുള്ള നിരക്ക് 2256 ദിര്‍ഹംമുതല്‍ തുടങ്ങും. എയര്‍ഇന്ത്യയില്‍ ഏപ്രില്‍ 22-ന് പോയിവരാനുള്ള ടിക്കറ്റുനിരക്ക് ട്രാവല്‍ വെബ്സൈറ്റില്‍ കാണിക്കുന്നത് 1272 ദിര്‍ഹം മുതലാണെങ്കില്‍ ഏപ്രില്‍ 30-ന് ഇത് 2510 ദിര്‍ഹം മുതലാണ്. എമിറേറ്റ്സ് എയര്‍ലൈനില്‍ പോയിവരാന്‍ 1685 ദിര്‍ഹം മുതല്‍ മുകളിലേക്ക് നല്‍കണം. മറ്റ് എയര്‍ലൈനുകളില്‍ 2000 ദിര്‍ഹത്തിനുമുകളിലാണ് നിരക്കുവര്‍ധന കാണിക്കുന്നത്.

ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഏപ്രില്‍ 23-ന് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ഒരാള്‍ക്ക് പോയിവരാനുള്ള നിരക്ക് 1148 ദിര്‍ഹം മുതലാണ്. ഏപ്രില്‍ 30-ന് ഇത് 2000-ത്തിനും മുകളിലെത്തും. എമിറേറ്റ്സില്‍ 1600 ദിര്‍ഹത്തിനും മുകളില്‍ നല്‍കണം. ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് ഏപ്രില്‍ 22-ന് പോയിവരാനുള്ള നിരക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ 950 ദിര്‍ഹം മുതല്‍ മുകളിലേക്ക് നല്‍കണം. സ്‌പൈസ് ജെറ്റില്‍ ഇത് 989 ദിര്‍ഹവും ഇന്‍ഡിഗോയില്‍ 1090 ദിര്‍ഹവുമാണ്. അതേസമയം ഏപ്രില്‍ 30-ന് എയര്‍ഇന്ത്യ എക്സ്പ്രസില്‍ 1941 ദിര്‍ഹത്തിനുമുകളിലും ഇന്‍ഡിഗോയില്‍ 2450 ദിര്‍ഹത്തിന് മുകളിലും നല്‍കേണ്ടിവരും. ദുബായില്‍നിന്ന് കണ്ണൂരിലേക്ക് ഏപ്രില്‍ 22-ന് പോയി വരാനുള്ള നിരക്ക് ഗോ ഫസ്റ്റില്‍ 1623 ദിര്‍ഹത്തിനും മുകളിലാണ്. ഏപ്രില്‍ 30-ന് കണക്ടിങ് ഫ്ളൈറ്റില്‍ മടങ്ങിവരാന്‍ 2500 ദിര്‍ഹത്തിനുമുകളിലാണ് നിരക്ക്.

ഷാര്‍ജയില്‍നിന്ന് കൊച്ചിയിലേക്ക് ഏപ്രില്‍ 23-ന് ഒരാള്‍ക്ക് നേരിട്ട് പോയിവരാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ 950 ദിര്‍ഹത്തിനും മുകളില്‍ നല്‍കണമെങ്കില്‍ ഏപ്രില്‍ 27-ന് 1500 ദിര്‍ഹത്തിനും മുകളിലാണ്. എയര്‍ അറേബ്യയില്‍ ഏപ്രില്‍ 23-ന് 1127 ദിര്‍ഹത്തിനും മേലെയാണെങ്കില്‍ ഏപ്രില്‍ 27-ന് 1567 ദിര്‍ഹത്തിനും മേലെയാണ്.

ഷാര്‍ജയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ഏപ്രില്‍ 23-ന് പോയിവരാനുള്ള നിരക്ക് എയര്‍ അറേബ്യയില്‍ 1014 ദിര്‍ഹവും ഇന്‍ഡിഗോയില്‍ 1348 ദിര്‍ഹവുമാണ്. അതേസമയം 30-ന് ഇതേ എയര്‍ലൈനില്‍ പോയിവരാന്‍ 2000 ദിര്‍ഹത്തിനുംമേലെ കൊടുക്കണം. ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് 23-ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നല്‍കണം 1000 ദിര്‍ഹത്തില്‍ കൂടുതല്‍. എയര്‍ഇന്ത്യയില്‍ 1272 ദിര്‍ഹവുമാണ്. ഏപ്രില്‍ 30-നാകട്ടെ 2800 ദിര്‍ഹത്തിന് മേലെ നല്‍കേണ്ടിവരും.

അബുദാബിയില്‍നിന്ന് കൊച്ചിയിലേക്ക് 25-ന് പോയി വരാന്‍ നല്‍കേണ്ട ടിക്കറ്റുനിരക്ക് ഇന്‍ഡിഗോയില്‍ 885 ദിര്‍ഹം, എയര്‍ അറേബ്യ 972 ദിര്‍ഹം, എയര്‍ ഇന്ത്യാ എക്സ്പ്രസ് 1068 ദിര്‍ഹം, ഇത്തിഹാദ് 2000 ദിര്‍ഹം എന്നിങ്ങനെയാണ്. ഇത് ഏപ്രില്‍ 30 ആകുന്നതോടെ യഥാക്രമം 2261 ദിര്‍ഹം, 2311 ദിര്‍ഹം, 2248 ദിര്‍ഹം, 3089 ദിര്‍ഹം എന്നിങ്ങനെ കുത്തനെ ഉയരും. അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് 22-ന് എയര്‍ അറേബ്യയില്‍ 1024 ദിര്‍ഹം, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 1095 ദിര്‍ഹം എന്നിങ്ങനെ നല്‍കണം. ഇത് ഏപ്രില്‍ 29 ആകുന്നതോടെ യഥാക്രമം 2092 ദിര്‍ഹം, 2000 ദിര്‍ഹം എന്നിങ്ങനെയാകും. അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 22-ന് നല്‍കണം 900 ദിര്‍ഹത്തിന് മുകളില്‍ ദിര്‍ഹം. ഏപ്രില്‍ 30-നിത് 1800 ദിര്‍ഹത്തിനും മുകളിലെത്തും. അബുദാബി- കണ്ണൂര്‍ 22-ന് പോയി വരാന്‍ നല്‍കേണ്ട ടിക്കറ്റ് നിരക്ക് ഗോ ഫസ്റ്റില്‍ 996 ദിര്‍ഹമാണ്. 30-ന് ഇത് 2000 ദിര്‍ഹത്തിനും മുകളിലേക്ക് ഉയരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here