gnn24x7

സൂപ്പർമാർക്കറ്റിനുള്ളിൽവെച്ച് ഹിന്ദു ദൈവങ്ങളുടെ പ്രതിമകൾ നശിപ്പിച്ച സ്വദേശിയായ വനിതയ്ക്കെതിരെ ബഹ്‌റൈൻ പോലീസ് കേസെടുത്തു

0
161
gnn24x7

മനാമ: സൂപ്പർമാർക്കറ്റിനുള്ളിൽവെച്ച് ഹിന്ദു ദൈവങ്ങളുടെ പ്രതിമകൾ നശിപ്പിച്ച സ്വദേശിയായ വനിതയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്‌റൈൻ പോലീസ് അറിയിച്ചു. മനാമയിലെ ജുഫെയറിലെ ഒരു സൂപ്പർമാർക്കറ്റിനുള്ളിൽ ബുർഖ ധരിച്ച ഒരു സ്ത്രീ ഗണേശ വിഗ്രഹങ്ങൾ നശിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ബഹ്‌റൈൻ ഒരു മുസ്ലീം രാജ്യമാണെന്ന് അറബിയിൽ പറഞ്ഞുകൊണ്ടായിരുന്നു വിൽക്കാൻ വെച്ചിരുന്ന ഗണേശ വിഗ്രഹങ്ങൾ ഓരോന്നായി അവർ തകർത്തത്. ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

“54 കാരിയായ സ്ത്രീക്കെതിരെ ജുഫൈറിലെ ഒരു കടയ്ക്ക് കേടുപാടുകൾ വരുത്തിയതിനും ഒരു വിഭാഗം ആളുകളെയും അവരുടെ ആചാരങ്ങളെയും അപകീർത്തിപ്പെടുത്തിയതിനും പോലീസ് നിയമ നടപടികൾ സ്വീകരിച്ചു, അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനിലേക്കു കൈമാറിയിട്ടുണ്ട്” ബഹറൈൻ പോലീസ് ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.

മുതിർന്ന ബഹ്‌റൈൻ ഉദ്യോഗസ്ഥൻ ഈ നടപടിയെ അപലപിച്ചു, ഇത് “വെറുപ്പുളവാക്കുന്ന കുറ്റകൃത്യം” എന്നാണ് അവർ വിശേഷിപ്പിച്ചത്.

“മതചിഹ്നങ്ങൾ നശിപ്പിക്കുന്നത് ബഹ്‌റൈൻ ജനതയുടെ സംസ്ക്കാരത്തിന് യോജിച്ചതല്ല” ഭരണാധികാരിയുടെ ഉപദേഷ്ടാവ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ പറഞ്ഞു. “ഇത് അംഗീകരിക്കാനാകാത്തതും, വിദ്വേഷം വളർത്തുന്നതുമായ കുറ്റമാണ്,” അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here