gnn24x7

യുഎഇ, സൗദിഅറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി അംഗീകാരം നൽകി

0
97
gnn24x7

ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് ഗൾഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി. മസ്കത്തിൽ ചേർന്ന ജി സി സി ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ജി സി സി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും യോഗത്തിൽ തുടക്കം കുറിച്ചു. ഗൾഫ് മേഖലയിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. ഈ ഒരൊറ്റ വീസ മതി, ഇനി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ.

ഒറ്റ വീസയിൽ 6 ജിസിസി (യുഎഇ, സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ ഒമാൻ) രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ രണ്ടു വർഷത്തിനകം യാഥാർഥ്യമാകും. 2030 ആകുമ്പോൾ 12.87 കോടി ടൂറിസ്റ്റുകളെ ഗൾഫിൽ എത്തിക്കുകയാണ് ലക്ഷ്യം. വീസ കാലാവധിക്കകം ഓരോ രാജ്യത്തും നിശ്ചിത ദിവസം താമസിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് അയൽ രാജ്യത്തേക്കു പോകാം. ഇതിനായി പ്രത്യേക നടപടിക്രമങ്ങൾ വേണ്ട എന്നതും സഞ്ചാരികൾക്ക് ഗുണകരമാകും. യൂറോപ്യൻ രാജ്യങ്ങളിൽ ഒറ്റ വീസയിൽ യാത്ര ചെയ്യാൻ ഏറെ സൗകര്യപ്രദമായി ഒരുക്കിയിരിക്കുന്നതാണ് ഷെങ്കൻ വീസ. അതിന്റെ മാതൃകയിലേക്ക് ഗൾഫ് രാജ്യങ്ങളും മാറുകയാണ്.

യോഗത്തിൽ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി അധ്യക്ഷത വഹിച്ചു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, യുഎഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സായിഫ് സായിദ് അൽ നഹ്യാൻ, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് സഊദ് അൽ സഊദ്, ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ഖത്തർ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനി എന്നിവർ പങ്കെടുത്തു. മസ്കത്തിലെത്തിയ ആഭ്യന്തര മന്ത്രിമാർക്ക് സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് നൽകിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7