gnn24x7

ഔഷധ നിർമാണം, ആരോഗ്യം എന്നീ മേഖലകളിലുൾപ്പെടെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യുഎഇ സംയുക്ത സമിതി

0
136
gnn24x7

ദുബായ്: ഔഷധ നിർമാണം, ആരോഗ്യം എന്നീ മേഖലകളിലുൾപ്പെടെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ-യുഎഇ സംയുക്ത സമിതി തീരുമാനം. കൂടുതൽ നിക്ഷേപകരെ കണ്ടെത്താനും സംരംഭങ്ങൾ അതിവേഗം യാഥാർഥ്യമാക്കാനും ടാസ്ക് ഫോഴ്സിന്റെ  നേതൃത്വത്തിൽ നടപടി സ്വീകരിക്കും. 

ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങൾ, ശാസ്ത്രം, ടൂറിസം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കുകയും പുതിയ പദ്ധതികൾക്കു തുടക്കമിടുകയും ചെയ്യും. ഇതര രാജ്യങ്ങളിൽ സംയുക്ത നിക്ഷേപത്തിനുള്ള അവസരങ്ങൾ കണ്ടെത്തും.

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വെർച്വൽ യോഗത്തിൽ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂറും ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അൽ ബന്നയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആരോഗ്യമടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ കൂടുതൽ മുന്നേറ്റം കൈവരിക്കേണ്ടതുണ്ടെന്നു ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. കോവിഡ് നിയന്ത്രണ നടപടികളിൽ പരസ്പരം സഹായിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ എന്നിവരുൾപ്പെട്ട  വിദഗ്ധ സംഘത്തെ യുഎഇയിൽ ഇന്ത്യ എത്തിച്ചിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നവരാണിവർ. ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകളും ഇന്ത്യ കൈമാറിയുന്നു.

ഇന്ത്യയ്ക്ക് യുഎഇ 7 മെട്രിക് ടൺ മെഡിക്കൽ മെഡിക്കൽ ഉപകരണങ്ങൾ നൽകി. കോവിഡ് ചികിത്സാരംഗത്തു പ്രവർത്തിക്കുന്ന 7,000 പേർക്ക് പ്രയോജനപ്പെടുന്നതാണിത്.

രാജ്യാന്തര വേദികളിൽ യുഎഇക്ക് ഇന്ത്യ നൽകിയ ശക്തമായ പിന്തുണയ്ക്ക് ഷെയ്ഖ് അബ്ദുല്ല നന്ദി പറഞ്ഞു. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (ഐഒആർഎ), യുഎൻ സുരക്ഷാ സമിതി തുടങ്ങിയവയുടെ സുപ്രധാന പദവികളിലേക്കാണ് ഇന്ത്യ പിന്തുണച്ചത്.

ഇന്റർപോൾ, ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പ്രസിഡന്റ് പദവികൾ, മനുഷ്യാവകാശ സമിതി അംഗത്വം തുടങ്ങിയവയ്ക്ക് ഇന്ത്യയുടെ പിന്തുണ തേടുന്നതായും പറഞ്ഞു.

കോവിഡ് വെല്ലുവിളികളിൽ ഇന്ത്യക്കാർക്ക് യുഎഇ നൽകിയ കരുതലിന് എസ്. ജയ്ശങ്കർ നന്ദി പറഞ്ഞു. ഇസ്രയേലുമായി സഹകരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. അടുത്തവർഷം ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കുന്ന വേൾഡ് എക്സ്പോയിൽ ഇന്ത്യയുടെ സജീവ പങ്കാളിത്തമുണ്ടാകുമെന്നും വ്യക്തമാക്കി.

വ്യാപാര ഇടപാടുകൾ കൂടി

ഇന്ത്യ-യുഎഇ   ഉഭയകക്ഷി വ്യാപാരത്തിൽ വൻ വർധന. 2017-18 വർഷത്തിൽ 5,000 കോടി ഡോളറിന്റെ ഇടപാട് നടന്നു. 2018-19ൽ 6,000 കോടി. പ്രതിവർഷം ശരാശരി 20% വർധന. കോവിഡിനു ശേഷം ഉഭയകക്ഷി വ്യാപാര ഇടപാടുകൾ കുതിച്ചുയരുമെന്നാണു പ്രതീക്ഷ. ഗതാഗതം, റിയൽ എസ്റ്റേറ്റ്, ഊർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ യുഎഇ കൂടുതൽ നിക്ഷേപം നടത്തുന്നുണ്ട്. റെയിൽവേ, റോഡ് മേഖലകളിൽ പരസ്പരം നിക്ഷേപം നടത്തി സഹകരിക്കുകയും സാങ്കേതിക വിദ്യകൾ കൈമാറുകയും ചെയ്യും. ഇതുസംബന്ധിച്ച് ഇന്ത്യയിലെ റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയവും യുഎഇ ഫെഡറൽ ട്രാൻസ്പോർട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here