gnn24x7

കോവിഡ് വ്യാപനം: നിയന്ത്രണങ്ങൾ കടുപ്പിച്ച് യുഎഇ

0
107
gnn24x7

ദുബായ് : ഒരാഴ്ചയ്ക്കിടയിൽ കോവിഡ്പ്രതിദിനസംഖ്യയിൽ വൻവർധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ യു.എ.ഇ. നിയന്ത്രണം കടുപ്പിച്ചേക്കും. നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധമന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താക്കളും വീണ്ടും ഓർമിപ്പിച്ചു.

കോവിഡ് സ്ഥിരീകരിക്കുന്നവർ മറ്റംഗങ്ങളുള്ള വീട്ടിനകത്തുപോലും മുഖാവരണം ധരിക്കുന്നില്ല. അടച്ചിട്ടയിടങ്ങളിലും തിരക്കേറിയ ഇടങ്ങളിലും മുഖാവരണം ധരിക്കുന്നതിലും ജനങ്ങൾ വലിയ ശ്രദ്ധ നൽകുന്നില്ല. ഇത്തരം നിയമലംഘനങ്ങൾക്ക് 3000 ദിർഹംവരെയാണ് പിഴ ചുമത്തുക.

മുഖാവരണം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകർശനമാക്കും. മുഖാവരണം ധരിക്കുന്നത് കോവിഡ് വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അടഞ്ഞതും തിരക്കേറിയതുമായ സ്ഥലങ്ങളിൽ. കോവിഡ് സ്ഥിരീകരിച്ചിട്ടും പലരും 10ദിവസത്തെ ഐസൊലേഷൻ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. ഇത് സമൂഹത്തിന് ഭീഷണിയാണ്. ഐസൊലേഷൻ കാലയളവ് പൂർത്തിയാക്കാത്തവർ കടുത്ത നിയമലംഘനമാണ് നടത്തുന്നത്. മുൻകരുതൽ നടപടികൾ പാലിക്കാത്തതാണ് ദിവസേനയുള്ള കോവിഡ് കേസുകളുടെ വർധനയ്ക്ക് പ്രധാന കാരണം.

തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കുക, അടച്ചിട്ടയിടങ്ങളിൽ മുഖാവരണം ധരിക്കുക, യാത്രയിൽ പ്രത്യേകം ശ്രദ്ധിക്കുക എന്നിവ ഉൾപ്പെടെ എല്ലാ നിയമങ്ങളും പാലിക്കാൻ അതോറിറ്റി വക്താവ് അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് പ്രതിരോധനിര ശക്തമായി പ്രവർത്തിക്കുന്നുണ്ട്. അർഹരായ എല്ലാ താമസക്കാർക്കും പൂർണമായും കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. ലോകത്ത് യു.എ.ഇ. വാക്സിനേഷൻ രംഗത്ത് വൻനേട്ടത്തിന് അർഹമായി. മുൻനിര ആരോഗ്യപ്രവർത്തകർ ഇപ്പോഴും കോവിഡിനെതിരേ പോരാടുകയാണ്. മഹാമാരിക്കെതിരേ രാജ്യം നേടിയ വിജയം നിലനിർത്തേണ്ടത് ആവശ്യമാണ്. അതിനായി എല്ലാ സുരക്ഷാനടപടികളും പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here