gnn24x7

ഹൃദയത്തിൽ വിള്ളലുണ്ടായ വീട്ടമ്മയ്ക്കു അപൂർവ ശസ്ത്രക്രിയ

0
84
gnn24x7

പാലാ: ഹൃദയ പേശികളിൽ വിള്ളലുണ്ടായതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. പ്രവിത്താനം സ്വദേശിയായ 57 കാരി വീട്ടമ്മയ്‌ക്കാണ്‌ അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നത്. രാത്രിയിൽ വീട്ടിൽ വെച്ച് നെഞ്ചുവേദനയും പുറം വേദനയും ഉണ്ടാകുകയും വീട്ടമ്മ തല ചുറ്റി വീഴുകയുമായിരുന്നു.

അബോധവസ്ഥയിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹൃദയ പേശികൾക്കു ക്ഷതം സംഭവിച്ചതായും വിള്ളലിലൂടെ രക്തം ഹൃദയത്തിനു പുറത്തു കട്ട പിടിച്ചിരിക്കുന്നതായും കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് ഹൃദയപേശികളിൽ ക്ഷതം സംഭവിക്കുകയും അതിൽ ദ്വാരം വീണു മയോകാർഡിയൽ റപ്ചർ ഉണ്ടാകുകയും ചെയ്യുന്ന വളരെ അപൂർവമായ സംഭവമായിരുന്നു ഇത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മയെ മാർ സ്ലീവാ മെഡിസിറ്റിയിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി സീനിയർ കൺസൽട്ടന്റ് ഡോ. കൃഷ്ണൻ.സി, കാർഡിയാക് അനസ്ത്യേഷ്യയിലെ സീനിയർ കൺസൽട്ടന്റ് ഡോ. നിതീഷ് പി.എൻ എന്നിവരുടെ നേതൃത്വത്തിൽ ഉടൻ ശസ്ത്രക്രിയ്ക്ക് വിധേയയാക്കി.

ഹൃദയ പേശികളിലുണ്ടായ വിള്ളൽ അടച്ചു പൂർവ്വസ്ഥിതിയിലാക്കി. ബൈപാസ് ശസ്ത്രക്രിയയിലൂടെ ഹൃദയ ധമനികളിലെ ബ്ലോക്ക് മാറ്റുകയും ചെയ്തു. കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ.ബിബി ചാക്കോ ഒളരി, അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ.വിപിൻലാൽ.വി, ക്രിട്ടിക്കൽ കെയർ വിഭാഗം കൺസൽട്ടൻറ് ഡോ.അഞ്ജു മേരി ദേവസ്യ എന്നിവരും ചികത്സയുടെ ഭാഗമായി. സുഖം പ്രാപിച്ച വീട്ടമ്മ വീട്ടിലേക്ക് മടങ്ങി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7