gnn24x7

എന്താണ് കുരങ്ങുപനി? അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

0
204
gnn24x7

അപൂര്‍വമായി മാത്രം കണ്ടുവരുന്ന കുരങ്ങുപനി കേരളത്തിലെ വയനാട്ടില്‍ ചുറ്റിനില്‍ക്കുകയാണ്. അടുത്തിടെയായി ചില ജീവനുകളും കുരങ്ങുപനി കാരണം നഷ്ടമായി. വയനാട്, മലപ്പുറം ജില്ലകളിലാണ് കേരളത്തില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കര്‍ണ്ണാടകയിലെ വനങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ഈ അസുഖം തമ്പടിച്ചിരിക്കുന്നത്. ധാരാളമായി കുരങ്ങന്‍മാരെ കണ്ടുവരുന്ന പ്രദേശം കൂടിയാണിത്.

ഹീമോ ഫൈസാലിസ് വര്‍ഗ്ഗത്തില്‍പെട്ട ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകള്‍, ചെറിയ സസ്തനികള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് ഈ രോഗത്തിന് കാരണമാകുന്ന വൈറസ് അധികമായും കാണപ്പെടുന്നത്. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേല്‍ക്കുന്നതിലൂടെ രോഗാണു മനുഷ്യരിലെത്തുന്നു. രോഗാണു വാഹിയായ കുരങ്ങിലൂടെയും രോഗം മനുഷ്യരിലെത്താം. എന്താണ് കുരങ്ങു പനിയെന്നും അവ തരണം ചെയ്യാനുള്ള ചികിത്സ എന്തെന്നും നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്നും വായിക്കാം.

എന്താണ് കുരങ്ങുപനി?

ഫ്‌ളാവിവൈറസ് കുടുംബത്തില്‍ പെടുന്ന വൈറസ് മൂലമുണ്ടാകുന്ന വൈറല്‍ ഹെമറാജിക് പനിയാണ് കുരങ്ങു പനി. മെഡിക്കല്‍ ഭാഷയില്‍ ഇതിനെ ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നു വിളിക്കുന്നു. കുരങ്ങുകള്‍, വവ്വാല്‍, അണ്ണാന്‍ തുടങ്ങിയ ചെറിയ സസ്തനികള്‍, ചിലയിനം പക്ഷികള്‍, പ്രാണികള്‍ എന്നിവയാണ് ഈ വൈറസിന്റെ വാഹകര്‍. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേല്‍ക്കുന്നതിലൂടെ രോഗാണു മനുഷ്യരിലെത്തുന്നു.

ആദ്യം റിപ്പോര്‍ട്ട് ചെയ്തത്

1957ല്‍ കര്‍ണാടകയിലെ പശ്ചിമഘട്ടത്തിലെ ഷിമോഗയിലെ ക്യാസനൂര്‍ വനത്തിലാണ് ഈ പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വൈറസ് ബാധിച്ച് അന്ന് നിരവധി കുരങ്ങുകള്‍ മരിക്കുകയും ചെയ്തു, അതിനാലാണ് കുരങ്ങു പനി എന്ന പേര് ലഭിച്ചത്. ചത്ത കുരങ്ങുകളെ കൈകാര്യം ചെയ്ത ആളുകള്‍ക്കും അണുബാധ പടരുന്നു. ഉയര്‍ന്ന പനി, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ന്യൂറോളജിക്കല്‍, ഹെമറാജിക് ലക്ഷണങ്ങള്‍ എന്നിവ പെട്ടെന്ന് ഉണ്ടാകുന്ന ഒരുതരം പനിയാണിത്.

രോഗ പകര്‍ച്ച

കുരങ്ങുകള്‍ക്ക് പുറമെ അണ്ണാന്‍, വവ്വാല്‍ തുടങ്ങിയ ചെറു സസ്തനികളിലും ചില പക്ഷികളിലും വൈറസ് കാണപ്പെടുന്നു. ഇവയില്‍നിന്നും ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലും മനുഷ്യരിലുമാണ് രോഗബാധ കൂടുതല്‍. ഈ പനിയുടെ പകര്‍ച്ചവ്യാധി സാധാരണയായി ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മാസങ്ങളില്‍ ആരംഭിച്ച് ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ്. 2014- 15 വര്‍ഷം 11 പേരാണ് വയനാട്ടില്‍ മാത്രം രോഗം ബാധിച്ച് മരിച്ചത്.

ലക്ഷണങ്ങള്‍

കടുത്ത തലവേദനയുള്ള വിറയല്‍ പനിയാണ് സാധാരണയായി ആദ്യം കാണുന്നത്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലു ദിവസത്തിനുശേഷം മൂക്ക്, തൊണ്ട, മോണ, കുടല്‍ എന്നിവയില്‍ നിന്ന് രക്തസ്രാവമുണ്ടാകും. കുറഞ്ഞ രക്തസമ്മര്‍ദ്ദം, രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയല്‍ എന്നിവ കുരങ്ങു പനിയുമായി ബന്ധപ്പെട്ട മറ്റ് ചില ലക്ഷണങ്ങളാണ്.

പനിയുമായി ബന്ധപ്പെട്ട ന്യൂറോളജിക്കല്‍ ലക്ഷണള്‍

ഓക്കാനം, ഛര്‍ദ്ദി, പേശികളുടെ കാഠിന്യം, മാനസിക വിഭ്രാന്തി, മോശം കാഴ്ച, കടുത്ത തലവേദന, മോശം റിഫ്‌ളക്‌സുകള്‍ എന്നിവ പനിയുമായി ബന്ധപ്പെട്ട ന്യൂറോളജിക്കല്‍ ലക്ഷണളാണ്. ഈ പനിയുടെ ഇന്‍കുബേഷന്‍ കാലാവധി സാധാരണയായി 38 ദിവസമാണ്. ഇത് ഒരു വൈറല്‍ പനിയായതിനാല്‍, ഇത് മിക്ക ആളുകളിലും വലിയ സങ്കീര്‍ണതകളൊന്നുമില്ലാതെ ആഴ്ചകള്‍ നിലനില്‍ക്കുന്നു. എന്നിരുന്നാലും, സുഖം പ്രാപിക്കുന്ന കാലയളവ് നീളുകയും രോഗബാധിതനായ വ്യക്തിക്ക് ക്ഷീണം, കഠിനമായ പേശിവേദന തുടങ്ങിയവ അനുഭവപ്പെടുകയും ചെയ്യുന്നു.

രോഗനിര്‍ണയം

കുരങ്ങു പനി നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍മാര്‍ ചില രക്ത പരിശോധനകള്‍ ശുപാര്‍ശ ചെയ്യുന്നു. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് തന്നെ ചികിത്സ ലഭ്യമാണ്. പ്രാരംഭ ഘട്ടത്തില്‍ പി.സി.ആര്‍ ടെസ്റ്റ് വഴിയും അഞ്ചോ ഏഴോ ദിവസത്തിന് ശേഷമാണെങ്കില്‍ എലിസാ ടെസ്റ്റ് വഴിയും രോഗം സ്ഥിരീകരിക്കാം.

ചികിത്സ

കുരങ്ങു പനിയ്ക്ക് പ്രത്യേക ചികിത്സയൊന്നുമില്ല. എന്നിരുന്നാലും, ഈ അവസ്ഥ കൈകാര്യം ചെയ്യുന്നതിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. രോഗികള്‍ക്ക് പൊതുവേ, നഷ്ടപ്പെട്ട ജലാംശം മാറ്റിസ്ഥാപിക്കുന്നതിന് ഇന്‍ട്രാവൈനസ് ഫ്‌ലൂയിഡ് തെറാപ്പി നല്‍കുന്നു. രക്തസ്രാവം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ സംരക്ഷണ നടപടികളും സ്വീകരിക്കുന്നു. പനി ബാധിച്ച രോഗിയെ പൂര്‍ണ്ണ വിശ്രമം, മതിയായ ജലാംശം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം എന്നിവയും ഡോക്ടര്‍മാര്‍ പൊതുവെ ഉപദേശിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here