gnn24x7

ഇറ്റലി രോഗബാധയുടെ ഭീഷണി ഏറ്റവുമധികം നേരിടുന്ന യൂറോപ്യൻ രാജ്യം; 7 മരണം

0
308
gnn24x7

ലണ്ടൻ: ചൈനയിലും കൊറിയയിലും 2,600 പേരുടെ മരണത്തിനിടയാക്കി പടരുന്ന കൊറോണ വൈറസ് രണ്ടാം ഘട്ടത്തിൽ ആഞ്ഞടിക്കുന്നത് യൂറോപ്പിൽ. രോഗബാധ യൂറോപ്പിൽ അതിവേഗം പടരുന്നതിന്റെ സൂചനയാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. വൈറസ് ബാധമൂലം ഇതിനോടകം ഏഴുപേർ മരിച്ച ഇറ്റലിയാണ് രോഗബാധയുടെ ഭീഷണി ഏറ്റവുമധികം നേരിടുന്ന യൂറോപ്യൻ രാജ്യം.

ഇറ്റലിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 229 പേർക്കാണ്. മൂന്ന് വടക്കൻ ഇറ്റാലിയൻ നഗരങ്ങളിൽ രോഗം അതിവേഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് അമ്പതിനായിരത്തിലേറെ ആളുകളോട് വീടുകളിൽതന്നെ തുടരാൻ സർക്കാർ കർശന നിർദേശം നൽകി. ദിവസേന ലക്ഷക്കണക്കിന് തീർഥാടകർ വന്നുപോകുന്ന വത്തിക്കാൻ സിറ്റി ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്.

രാജ്യത്തിന്റെ അതിർത്തികൾ എല്ലാം പൂർണമായും അടഞ്ഞ സ്ഥിതിയിലാണ്. കൊറോണമൂലമുള്ള സാമ്പത്തിക അനിശ്ചിതത്വം യൂറോപ്പിലെങ്ങും ദൃശ്യമായി തുടങ്ങി. ഇറ്റാലിയൻ ഓഹരി വിപണി ഇടിഞ്ഞു. യൂറോപ്പിലാകെ ടൂറിസ്റ്റ് സീസൺ ആരംഭിക്കാനിരിക്കെ മുൻകൂട്ടി യാത്രകൾ ബുക്ക് ചെയ്തവരുൾപ്പെടെ ലക്ഷക്കണക്കിനാളുകളാണ് ആശങ്കയുടെ നിഴലിലായത്.

വടക്കൻ ഇറ്റലിയിലെ ലോംബാർഡി, വെനേറ്റോ എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടെ സ്കൂളുകളും കോളജുകളും മ്യൂസിയങ്ങളും മാർക്കറ്റുകളുമെല്ലാം രണ്ടാഴ്ചത്തേക്ക് അടച്ചു. ഫ്രാൻസിലാണ് യൂറോപ്പിൽ ആദ്യം കൊറോണ ബാധ റിപ്പോർട്ടു ചെയ്തത്. എന്നാൽ, രോഗം പടരുന്നത് തടയുന്നതിൽ ഫ്രഞ്ച് സർക്കാർ വിജയിച്ചു. തുടർന്ന് ബ്രിട്ടനിലും പത്തിലേറെ പേർക്ക് കൊറോണ ബാധ സ്ഥീരികരിച്ചെങ്കിലും മരണം ഉണ്ടായിട്ടില്ല. ആദ്യം രോഗം സ്ഥിരീകരിച്ച എട്ടുപേരെ ചികിൽയ്ക്കുശേഷം വിട്ടയയ്ക്കുകയും ചെയ്തു.

സ്പാനിഷ് ദ്വീപായ ടെനറിഫിലെ ആഡംബര ഹോട്ടലിൽ താമസിക്കുന്ന ഇറ്റാലിയൻ വിനോദ സഞ്ചാരിക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഹോട്ടൽ അടച്ചു. ഇവിടെയുള്ള ആയിരത്തോളം ടൂറിസ്റ്റുകളോട് 14 ദിവസത്തേക്ക് ഹോട്ടൽ വിട്ട് പുറത്തുപോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. രോഗബാധയുടെ പേരിൽ ജപ്പാൻ തീരത്തു പിടിച്ചിട്ട ആഡംബര ക്രൂയിസ് കപ്പൽ ഡയമണ്ട് പ്രിൻസസിൽ കുടുങ്ങിയ ബ്രിട്ടീഷുകാരെ പ്രത്യേക വിമാനത്തിൽ കഴിഞ്ഞദിവസം ബ്രിട്ടനിലെത്തിച്ചിരുന്നു. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ഇവരിൽ നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here