gnn24x7

നദ്ദയ്ക്ക് ആദ്യ വെല്ലുവിളി ഡല്‍ഹി

0
188
gnn24x7

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഹരിയാനയില്‍ മാത്രമാണ് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളിലും വിജയം നേടിയ ഡല്‍ഹിയില്‍ മികച്ച പ്രകടനം നടത്തണമെന്നതാണ് ബിജെപിയുടെ ലക്ഷ്യം അതേസമയം ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പോലും ഉയര്‍ത്തികാട്ടുന്നതിന് ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

മികച്ച പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്ന ബിജെപി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് ഉയര്‍ത്തി കാട്ടുന്നത്.ഡല്‍ഹിയില്‍ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യായി ഉയര്‍ത്തി കാട്ടാന്‍  പോലും ഒരു നേതാവില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിക്കാനെത്തുന്ന നദ്ദയ്ക്ക് ആദ്യവെല്ലുവിളി ഡല്‍ഹി തന്നെയാണ്. മോദി -അമിത് ഷാ കൂട്ടുകെട്ടില്‍ നേടിയ വിജയങ്ങള്‍ ആവര്‍ത്തിക്കുക എന്നത് നദ്ദയ്ക്ക് ഏറെ പ്രയാസകരമായ കാര്യമാണ്. വര്‍ക്കിംഗ് പ്രസിഡന്‍റ് എന്ന നിലയില്‍ മോദി-അമിത് ഷാ ടീമിനൊപ്പം  ചേര്‍ന്ന് നിന്ന നദ്ദയ്ക്ക് പാര്‍ട്ടി സംവിധാനങ്ങള്‍ വേഗത്തില്‍ ചലിപ്പിക്കാനാകും.

അമിത് ഷായുടെതില്‍ നിന്നും വ്യത്യസ്തമായ ശൈലിയാണ് നദ്ദയുടേത് എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ യാതൊരു വിട്ട്വീഴ്ച്ചയും അനുവദിക്കുകയും ഇല്ല. എബിവിപി യിലൂടെ സംഘടനാ പ്രവര്‍ത്തനത്തില്‍ എത്തിയ നദ്ദയ്ക്ക് ആര്‍എസ്എസ് മായും നല്ല ബന്ധമാണ്. ഹിമാചല്‍ പ്രദേശ്‌ രാഷ്ട്രീയത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തില്‍ എത്തിയ  നദ്ദ കഴിഞ്ഞ രണ്ട് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളിലും ബിജെപി നേടിയ വിജയത്തിന്‍റെ ചുക്കാന്‍ പിടിച്ച തന്ത്രശാലി കൂടിയാണ്. മോദിയും അമിത് ഷായും നിറഞ്ഞുനിന്നപ്പോള്‍ പിന്നണിയില്‍ ഒരു പിഴവ് പോലും വരാത്തെ സംഘടനാസംവിധാനം എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ചത് നദ്ദയാണ്. പിന്നണിയില്‍ നിന്നും മുന്നിലേക്ക്‌ വരുമ്പോള്‍ പാര്‍ട്ടിയെ സംഘടനാ കെട്ടുറപ്പോടെ നയിക്കുക എന്നതും നദ്ദയുടെ മുന്നിലെ ഒരു വലിയ കടമ്പയാണ്.

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയമായി തിരിച്ചടിയാകാതിരിക്കുന്നതിനും നദ്ദ ശ്രദ്ധിക്കെണ്ടിയിരിക്കുന്നു.പാര്‍ട്ടിയെ വിജയവഴിയില്‍ തിരിച്ചെത്തിക്കുക. രണ്ടാം നിര നേതാക്കളെ വളര്‍ത്തിയെടുക്കുക അങ്ങനെ പുതിയ പാര്‍ട്ടി അധ്യക്ഷനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ അനവധിയാണ് ഡല്‍ഹിയില്‍  നദ്ദയ്ക്ക് തന്‍റെ നേതൃപാടവം തെളിയിക്കാനുള്ള അവസരമാണ്. അതിന് ശേഷം കേരളം,തമിഴ് നാട് തുടങ്ങിയ പാര്‍ട്ടിക്ക് സ്വാധീനം തീരെ കുറഞ്ഞ സംസ്ഥനങ്ങളില്‍ പാര്‍ട്ടിയെ സംഘടനാ സംവിധാനം ശക്തിപെടുത്തേണ്ടതുണ്ട്.ഡല്‍ഹിയില്‍ നിന്നും നദ്ദയുടെ ശ്രദ്ദ പശ്ചിമ ബംഗാളിലേക്കാകും ഉടനെയെത്തുക. അവിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കി അധികാരത്തില്‍ എത്തണമെങ്കില്‍ ബിജെപി ക്കര്യമായി പണിയെടുക്കേണ്ടി വരും.

അമിത് ഷായില്‍ നിന്ന് നദ്ദയിലേക്ക് എത്തുമ്പോള്‍ കേവലം വ്യക്തികളുടെ മാറ്റം മാത്രമാണ് ആശയപരമായോ സംഘടനാ പരമായോ യാതോരുമാറ്റവും ഇല്ല എന്ന് അണികളെയും ജനങ്ങളെയും ബോധ്യപെടുത്തുകയും നദ്ദ തന്‍റെ പ്രവര്‍ത്തനത്തിലൂടെ ചെയ്യേണ്ടിയിരിക്കുന്നു.എന്തായാലും ബിജെപി യെ സംബന്ധിച്ചടുത്തോളം വ്യക്തിയല്ല സംഘടനയാണ് വലുത് എന്ന ആശയത്തില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ട് പ്രസിഡന്റ്‌ ആരാണ് എന്നത് അവരുടെ ആശയങ്ങളിലോ ആദര്‍ശത്തിലോ പ്രവര്‍ത്തന പദ്ധതിയിലോ മാറ്റം വരുത്തുന്നില്ല. വഴികാട്ടാന്‍ ആര്‍എസ്എസ്സ് ഉണ്ടെങ്കിലും.വജ്പേയിക്കും അദ്വാനിക്കും ശേഷം മോദിയും അമിത് ഷായും എന്ന നിലയിലേക്ക് ബിജെപി മാറി എന്നത് യാഥാര്‍ത്ഥ്യമാണ്.എന്നാല്‍ ഇനിയെങ്ങനെ എന്നതൊക്കെ കാത്തിരിന്ന്കാണേണ്ട കാര്യമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here