gnn24x7

ഇന്ത്യയിലാദ്യമായി സഹകരണ മന്ത്രാലയം, ചുമതല അമിത് ഷായ്ക്ക്; കേരളം ഉള്‍പ്പെടെ സഹകരണമേഖലയ്ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളെ നിയന്ത്രിക്കാൻ ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷം

0
149
gnn24x7

ന്യൂഡല്‍ഹി: സഹകരണ മന്ത്രാലയ൦ രൂപീകരിച്ചതും അതിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നല്‍കിയതും കേരളം ഉള്‍പ്പെടെ സഹകരണമേഖലയ്ക്ക് വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളെ നിയന്ത്രിക്കാനല്ല നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ജൂലൈ ആറിനാണ് സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഭരണപരമായും നയപരമായും നിയമപരമായുമുള്ള ചട്ടക്കൂട്ട് തയ്യാറാക്കുമെന്ന് മാത്രമാണ് മന്ത്രാലയം രൂപീകരിക്കുന്നത് സംബന്ധിച്ച പത്രക്കുറിപ്പിലും കേന്ദ്രം വ്യക്തമാക്കുന്നത്. സഹകരണത്തിലൂടെ സമൃദ്ധി എന്നതാണ് ലക്ഷ്യം. സഹകരണ മേഖലയില്‍ വ്യവസായ സൗഹാര്‍ദപരമായ സാഹചര്യമൊരുക്കും, വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സഹകരണ സംഘങ്ങള്‍ സ്ഥാപിക്കും തുടങ്ങിയ കാര്യങ്ങളാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ചയ്‌ക്കോ ചര്‍ച്ചയ്‌ക്കോ കേന്ദ്രം തയ്യാറായിട്ടില്ല. സഹകരണം സംസ്ഥാന വിഷയമാണ്. എന്നാല്‍ ഇത് മറികടന്നുള്ള കേന്ദ്രനീക്കം സംസ്ഥാനത്തിന്റെ അധികാരത്തെ ദുര്‍ബലപ്പെടുത്തുമോ എന്നാണ് സംസ്ഥാനങ്ങള്‍ ആശങ്കപ്പെടുന്നത്‌.

സഹകരണ മന്ത്രാലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായാല്‍ രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിന്റെ ഭരണ-നിയമ-നിയന്ത്രണ കാര്യത്തിലെല്ലാം മന്ത്രാലയം ഇടപെടുമെന്നാണ് സൂചന. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണ സൊസൈറ്റികള്‍ സംസ്ഥാന വിഷയമാണെന്നിരിക്കെയുള്ള ഈ നീക്കം അംഗീകരിക്കാന്‍ കഴിയില്ല. സഹകരണം സംസ്ഥാന വിഷയമാണെന്നും അവിടെ പുതിയൊരു കേന്ദ്രമന്ത്രാലയത്തിനു പ്രസക്തിയില്ലെന്നും ഫെഡറല്‍ സംവിധാനത്തെ ഹനിക്കുന്നതാണെന്നും സിപിഎം ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരി പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തുക ലോണ്‍ നല്‍കി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചതിന് പിന്നാലെ രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഹകരണ മന്ത്രാലയം രൂപീകരിച്ചുകൊണ്ടുള്ള തീരുമാനം അപകടകരമാണെന്ന് മുന്‍ധനമന്ത്രി തോമസ് ഐസകും പ്രതികരിച്ചു. സഹകരണ മേഖലയില്‍ കേരളത്തില്‍ മാത്രം രണ്ടരലക്ഷം കോടിയുടെ നിക്ഷേപമാണുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here