gnn24x7

പ്രവാചകനെതിരായ വിവാദ പരാമർശം : പ്രതിഷേധവുമായി കൂടുതൽ ഇസ്ലാമിക രാജ്യങ്ങൾ രംഗത്ത്

0
147
gnn24x7

ന്യൂഡൽഹി: പുറത്താക്കപ്പെട്ട ബിജെപി ദേശീയവക്താവ് നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരേ വിവാദപരാമർശം നടത്തിയതിൽ പ്രതിഷേധവുമായി കൂടുതൽ ഇസ്ലാമിക രാജ്യങ്ങൾ രംഗത്തെത്തി. ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. നൂപുർ ശർമയുടെ പ്രസ്താവന അധിക്ഷേപകരമെന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്നും ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്.

വിവാദ പരാമർശങ്ങളെ തുടർന്ന് ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉത്പന്നങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രചാരണങ്ങളും നടക്കുന്നുണ്ട്.നൂപൂർ ശർമയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾക്കു മുന്നിൽ നിലപാട് വിശദീകരിച്ച് ഇന്ത്യ രംഗത്തെത്തി. വ്യക്തികൾ നടത്തുന്ന പ്രകോപനപരമായ പ്രസ്താവന രാജ്യത്തിന്റെ നിലപാടായി കാണേണ്ടെന്നും, മതസൗഹാർദം തകർക്കുന്ന വിധത്തിൽ പ്രസ്താവന നടത്തുന്നവർക്കെതിരെ തുടർന്നും രാജ്യം ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇന്ത്യ അറിയിച്ചു.

നൂപുറിന്റെ പ്രസ്താവന രാജ്യത്തിന്റെ നിലപാടിനെതിരാണ്. എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന സമീപനമാണ് തങ്ങളുടെതെന്നും ഇന്ത്യ വ്യക്തമാക്കി.ഗ്യാൻവാപി വിഷയത്തിൽ ചാനൽ ചർച്ചയിലായിരുന്നു നൂപുറിന്റെ വിവാദപരാമർശം. ഇതേച്ചൊല്ലിയാണ് വെള്ളിയാഴ്ച യു.പി.യിലെ കാൻപുരിൽ വൻ സംഘർഷമുണ്ടായത്.

ബിജെപിയുടെ രീതി കാരണം രാജ്യത്തെ എല്ലാ മതേതര പൗരൻമാരും ലജ്ജിച്ച് തലതാഴ്ത്തണ്ട അവസ്ഥയിലാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു. ഇപ്പോൾ പ്രവാസി ഇന്ത്യക്കാരും അതിനിരയായിരിക്കുകയാണ്. നാട്ടിൽ മതഭ്രാന്ത് പ്രകടിപ്പിക്കുന്നവർ വിദേശത്തെ അനന്തരഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും തരൂർ മുന്നറിയിപ്പ് നൽകി. പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ശരീഫും അപലപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here