gnn24x7

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനം, സത്യപ്രതിജ്ഞ ശനിയാഴ്ച

0
97
gnn24x7

അനുനയ ചർച്ചകൾക്കൊടുവിൽ കർണാടക സർക്കാർ രൂപവത്കരണത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ സമവായം. മഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. മേയ് 20-ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വാർത്താ ഏജൻസിയായ എ.എൻ.ഐ ഇന്ന് പുലർച്ചെ 2.40-ഓടെയാണ് ഈ വാർത്ത പുറത്തുവിട്ടത്.

വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവിൽ ചേരുന്ന നിയമസഭാ കക്ഷി യോഗം സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. മന്ത്രിസഭയിലെ പ്രാതിനിധ്യവും വകുപ്പ് വിഭജവും സംബന്ധിച്ച് ഇരുപക്ഷവും തമ്മിലുള്ള ചർച്ചകളിലൂടെ തീരുമാനമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാവിലെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ആദ്യ ടേമിൽ സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമിൽ ഡി.കെ ശിവകുമാറിനും മുഖ്യമന്ത്രിപദം നൽകാനാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് അറിയുന്നത്. ശിവകുമാറിന് ആഭ്യന്തരവും ധനകാര്യവും ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ നൽകിയേക്കും. കർണാടക പിസിസി അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കും.

തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മൂന്നുദിവസം നീണ്ടുനിന്ന മാരത്തൺ ചർച്ചകളിൽ ഇരു നേതാക്കളും മുഖ്യമന്ത്രി പദത്തിനായുള്ള ആവശ്യത്തിൽ ഉറച്ചുനിന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തുടർന്ന്, മുഖ്യമന്ത്രി പദം രണ്ടു ടേമുകളിലായി പങ്കിടുക എന്ന ഫോർമുലയായിരുന്നു ഖാർഗെ മുന്നോട്ടുവെച്ചത്. എന്നാൽ ഇതിൽ സമവായം ഉണ്ടാക്കാനായില്ല. തുടർന്നാണ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി വൈകി നടന്ന ചർച്ചകൾക്കൊടുവിൽ തീരുമാനം ഉണ്ടായത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7