gnn24x7

ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വൻ പ്രതിഷേധം

0
186
gnn24x7

ലണ്ടൻ: അമേരിക്കയിലെ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ ബ്രിട്ടനിലെ നഗരങ്ങളിൽ ആർത്തിരമ്പിയത് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്. ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിംങ്ങാം, ബെൽഫാസ്റ്റ്, കാഡിഫ്. ലെസ്റ്റർ, ഗ്ലാസ്കോ, ഷെഫീൽഡ് തുടങ്ങിയ നഗരങ്ങളിലെല്ലാം ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് അണിനിരന്നത്. ലണ്ടൻ നഗരത്തിൽ പാർലമെന്റ് സ്ക്വയറിലും പ്രധാനമന്ത്രിയുടെ വസതിയ്ക്കു മുന്നിലും അമേരിക്കൻ എംബസിക്കു മുന്നിലുമെല്ലാം തടിച്ചുകൂടി വംശീയതയ്ക്കെതിരേയും വർണവിവേചനത്തിനെതിരേയും പ്രതിഷേധിച്ചത് പതിനായിരങ്ങളാണ്.

ജനങ്ങളുടെ സുരക്ഷയെ കരുതി പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന സർക്കാരിന്റെ നിദേശവും, നിലവിലെ സാഹചര്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നിയമവിരുദ്ധമാണെന്ന പൊലീസിന്റെ മുന്നറിയിപ്പുമെല്ലാം അവഗണിച്ചായിരുന്നു ജനം നഗരങ്ങളിലൂടെ ഒഴുകി നീങ്ങിയത്. പ്രതിഷേധക്കാർ നല്ലൊരു ഭാഗവും മുഖാവരണവും കൈയുറയും ധരിച്ചിരുന്നു എങ്കിലും സാമൂഹിക അകലം എന്ന അടിസ്ഥാന തത്വം ഒരിടത്തും പാലിക്കപ്പെട്ടില്ല. അതിനാൽ തന്നെ ഇന്നലത്തെ പ്രതിഷേധം കോവിഡിന്റെ വ്യാപനത്തിൽ എത്രമാത്രം കാരണമാകും എന്ന ആശങ്കയിലാണ് അധികൃതർ.

നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ആയിരത്തോളം പേർക്ക് പൊലീസ് പിഴ ചുമത്തിയെങ്കിലും മറ്റൊരിടത്തും പ്രതിഷേധക്കാർക്കെതിരെ എന്തെങ്കിലും ചെയ്യാൻ പൊലീസിന് ആയില്ല. ലണ്ടനിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്കു മുന്നിൽ നിയമവിരുദ്ധമായി പ്രതിഷേധിച്ചവരെ മാത്രമാണ് ഒടുവിൽ പൊലീസ് ബലമായി പിരിച്ചുവിട്ടത്.

മാഞ്ചസ്റ്ററിലെ പിക്കാഡലി ഗാർഡൻസിൽ പതിനയ്യായിരത്തിലധം വരുന്ന ജനക്കൂട്ടമാണ് പ്രതിഷേധവുമായി എത്തിയത്. ലണ്ടനിലെ പാർലമെന്റ് ചത്വരത്തിലും സമീപകാലത്തു കണ്ട ഏറ്റവും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ഇടയ്ക്കിടെ പെയ്ത മഴ മാത്രമാണ് പ്രതിഷേധക്കാരെ എളുപ്പം പിരിഞ്ഞുപോകാൻ പ്രേരിപ്പിച്ചത്. ഇന്നലെ കോവിഡ് ബാധിച്ച് 204 പേരാണ് ബ്രിട്ടനിൽ മരിച്ചത്. ഇതോടെ രാജ്യത്തെ ഔദ്യോഗിക മരണസംഖ്യ 40,465 ആയി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here