gnn24x7

ബ്രിട്ടനില്‍ അഭയം തേടി മല്യ; നാട്ടിലേക്കു മടക്ക യാത്ര വൈകിപ്പിക്കുന്നു

0
196
gnn24x7

കോടികളുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യ ബ്രിട്ടനില്‍ രാഷ്ട്രീയാഭയത്തിനായി നല്‍കിയിട്ടുള്ള അപേക്ഷയുടെ മറവില്‍ ഇന്ത്യയിലേക്കുള്ള നിര്‍ബന്ധിത മടക്ക യാത്ര വൈകിപ്പിക്കുന്നതായി സൂചന. അദ്ദേഹത്തെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ലണ്ടനിലെ ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ തള്ളി.

വിജയ് മല്യയെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് വാര്‍ത്താ ഏജന്‍സി ബുധനാഴ്ച രാത്രി റിപ്പോര്‍ട്ട് ചെയ്തത്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വിജയ് മല്യയെ മുംബൈ വിമാനത്താവളത്തിലെത്തിച്ചെന്നും ആര്‍തര്‍ റോഡിലെ ജയിലിലാകും താമസിപ്പിക്കുക എന്നും വരെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, വിജയ് മല്യയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ചുള്ള പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിയില്ലെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടന്‍ ഹൈ കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും മല്യയെ ഉടന്‍ നാട്ടിലെത്തിക്കുമെന്ന റിപ്പോര്‍ട്ട് തള്ളി. സിബിഐയുടെ പഴയ വാര്‍ത്താക്കുറിപ്പാണ് ചില മാധ്യമങ്ങളില്‍ വന്നതെന്നും പഴയ സാഹചര്യത്തില്‍ മാറ്റംവന്നിട്ടില്ലെന്നും ആണ് അദ്ദേഹം വിശദീകരിച്ചത്.

മല്യ വ്യാവസായിക ആവശ്യങ്ങള്‍ക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തത്. വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികള്‍ ആരംഭിച്ചതോടെ വിദേശത്തേക്ക് കടന്നു. 2016 ലാണ് മല്യ ബ്രിട്ടണില്‍ എത്തിയത്. വിചാരണയുടെ ഭാഗമായി മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചെങ്കിലും ഇതിനിടെ ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു അദ്ദേഹത്തിനു വേണ്ടി അഭിഭാഷകന്‍.തന്നെ തിരിച്ചയക്കരുതെന്ന അപേക്ഷയുമായി സമര്‍പ്പിച്ച ഹര്‍ജി ഉന്നത കോടതികള്‍ തള്ളിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here