gnn24x7

കൊറോണയെ നേരിടാൻ ഇന്ത്യയിൽ നിന്നും പറന്നെത്തി ഇംഗ്ലണ്ടിന്റെ സൗന്ദര്യ റാണിയായ ബാഷ മുഖർജി

0
202
gnn24x7

ലണ്ടൻ: കൊറോണയെ നേരിടാൻ ഇന്ത്യയിൽ നിന്നും പറന്നെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ സൗന്ദര്യ റാണിയായ ബാഷ മുഖർജി. മറ്റെല്ലാ പ്രവർത്തനങ്ങൾക്കും അവധി നൽകിയാണ് ഏറ്റവും ഇഷ്ടപ്പെടുന്ന ഡോക്ടർ ജോലിയിലേക്കുള്ള ബാഷയുടെ മടക്കം. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഇന്ത്യൻ വംശജയായ ബാഷ മുഖർജി മിസ് ഇംഗ്ലണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മിസ് വേൾഡ് മൽസരത്തിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. റസ്പിരേറ്ററി സ്പെഷലിസ്റ്റായ അവർ ലിങ്കൺഷെയറിലെ ബോസ്റ്റൺ പിൽഗ്രിം എൻഎച്ച്എസ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറായി ജോലി നോക്കവേയാണ് ഇംഗ്ലണ്ടിന്റെ സൗന്ദര്യ റാണിയായുള്ള സ്ഥാനക്കയറ്റം ലഭിച്ചത്. പിന്നെ അതുമായി ബന്ധപ്പെട്ട യാത്രകളിലായി. ഒക്ടോബർ മുതൽ ജോലിയിൽ നിന്നും നീണ്ട അവധിയെടുത്താണു ജന്മനാടായ ഇന്ത്യയിലും പാക്കിസ്ഥാനിലും മറ്റു ചില രാജ്യങ്ങളിലുമായി ചാരിറ്റികൾക്കും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും മറ്റുമായി പുറപ്പെട്ടത്.

കൊറോണ വൈറസ് ബാധയിൽ സ്വന്തം രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ മറ്റെല്ലാം മാറ്റിവച്ച് ഡോക്ടറുടെ ജോലിയിലക്ക് മടങ്ങേണ്ടതുണ്ടെന്ന് ബാഷ തന്നെയാണ് തീരുമാനമെടുത്തത്. ഇതിനായി ഇന്ത്യയിൽ നിന്ന് ഒരാഴ്ച മുമ്പ് ഇംഗ്ലണ്ടിൽ മടങ്ങിയെത്തി. വിദേശത്തു നിന്നു വന്നതിനാൽ ഡെർബിയിലെ വസതിയിൽ 14 ദിവസത്തെ ഏകാന്തവാസത്തിലാണ്. ക്വാറന്റീൻ കാലാവധി പൂർത്തിയാകുന്ന അടുത്തയാഴ്ച തന്നെ ജോലിയിലേക്ക് തിരികെ പ്രവേശിച്ച് അദൃശ്യനായ ശത്രുവിനെതിരായ പോരാട്ടം തുടങ്ങും.

മിസ് ഇംഗ്ലണ്ട് ആകുന്നതുപോലെതന്നെ അഭിമാനമുള്ള കാര്യമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ എൻഎച്ച്എസിൽ ഡോക്ടറായി ജോലി ചെയ്യുന്നതും എന്നാണ് ഇരുപത്തിനാലുകാരിയായ ബാഷ മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നത്. കോൽകത്ത സ്വദേശിയായ ബാഷ മുഖർജിക്ക് ഒമ്പതു വയസുള്ളപ്പോഴാണ് മാതാപിതാക്കൾ ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്.

കോവിഡ് രോഗികളെ ചികിൽസിക്കാൻ ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ലാതെ വിഷമിക്കുകയാണ് ബ്രിട്ടൺ. വിരമിച്ച ഡോക്ടർമാരോടും നഴ്സുമാരോടും പോലും ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭ്യർഥിച്ചിരിക്കുകയാണ് സർക്കാർ. ഈ സാഹചര്യത്തിൽ ബാഷയെപ്പോലെ ദീർഘകാല അവധിയിലുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും തിരികെയെത്തുന്നത് എൻഎച്ച്എസിന് വലിയ ആശ്വാസം തന്നെയാകും. കോവിഡ് യുദ്ധഭൂമിയിലേക്കുള്ള ബാഷയുടെ മടക്കം മറ്റുള്ളവർക്ക് പ്രചോദനം ആകുമെന്നും ഉറപ്പ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here