gnn24x7

യു കെയിൽ നഴ്സുമാർ നടത്താനിരുന്ന 48 മണിക്കൂർ സമരം മാറ്റിവച്ചു

0
106
gnn24x7

ഇംഗ്ലണ്ടിൽ നഴ്സുമാർ അടുത്തയാഴ്ച നടത്താനിരുന്ന 48 മണിക്കൂർ സമരം മാറ്റിവച്ചതായി റോയൽ കോളജ് ഓഫ് നഴ്സിങ് അറിയിച്ചു. ശമ്പള വർധന സംബന്ധിച്ചു ബുധനാഴ്ച റോയൽ കോളജ് ലീഡേഴ്സും മന്ത്രിമാരും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് മാർച്ച് ഒന്നാം തീയതി ബുധനാഴ്ച രാവിലെ മുതൽ നടത്താനിരുന്ന 48 മണിക്കൂർ സമരം തൽകാലത്തേക്ക് മാറ്റിവച്ചത്.

ബുധനാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ സമരം നടത്താനായിരുന്നു യൂണിയന്റെ തീരുമാനം. തുടർച്ചയായ ദിവസങ്ങളിലെ സമരം ആരോഗ്യമേഖലയുടെ പ്രവർത്തനം അട്ടിമറിക്കുമെന്നു ബോധ്യപ്പെട്ടതോടെയാണ് ഇതുവരെ മുഖം തിരിച്ചു നിന്ന സർക്കാർ ചർച്ചയ്ക്ക് തയാറായിരിക്കുന്നത്. ഇംഗ്ലണ്ടിലെ 128 ട്രസ്റ്റുകളിൽ പണിമുടക്ക് നടത്താനായിരുന്നു യൂണിയന്റെ തീരുമാനം. യൂണിയൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ സംബന്ധിച്ചു ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നു റോയൽ കോളജ് ഓഫ് നഴ്സിങ്ങും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറും സംയുക്തമായി ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

പണപ്പെരുപ്പ നിരക്കിനേക്കാൾ അഞ്ചു ശതമാനം ഉയർന്ന ശമ്പള വർധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. ഇതിന്റെ പകുതിവരെ മാത്രമേ സർക്കാരിന്റെ നിലവിലെ വാഗ്ദാനം എത്തുന്നുള്ളൂ. ഇതാണു പ്രശ്നപരിഹാരത്തിന് പ്രതിസന്ധിയാകുന്നത്. എൻഎച്ച്എസ് സ്റ്റാഫിന് നിലവിൽ 4.75 ശതമാനത്തിന്റെ ശമ്പള വർധന നൽകിയിട്ടുണ്ടെന്ന വാദമുയർത്തിയാണ് സർക്കാർ യൂണിയന്റെ ആവശ്യത്തോട് പ്രതികരിക്കാൻ തയാറാകാതിരുന്നത്. ഇതാണ് സമരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം നടന്ന സൂചനാ പണിമുടക്കുതന്നെ ഒട്ടേറെ ആശുപത്രികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനാലാണ് 48 മണിക്കൂർ സമരത്തിനു മുൻപായി സർക്കാർ ചർച്ചയ്ക്ക് തയാറായിരിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here