gnn24x7

കൊറോണ വൈറസ്; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 22,210; രോഗമുക്തനായി ചാൾസ് രാജകുമാരൻ

0
233
gnn24x7

ലണ്ടൻ: തുടർച്ചയായി രണ്ടുദിവസങ്ങളിൽ ഇരുന്നൂറിനു മുകളിലായിരുന്ന മരണനിരക്ക് 180 ആയി കുറഞ്ഞ ആശ്വസത്തിലായിരുന്നു ഇന്നലെ ബ്രിട്ടൻ. എന്നാൽ രോഗികളുടെ എണ്ണം ഇപ്പോഴും ദിവസേന കൂടി വരികയാണ്. 22,210 പേർക്കാണ് ഇതുവരെ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച കോവിഡ് പിടിപെട്ട ചാൾസ് രാജകുമാരൻ രോഗമുക്തനായതായും ഏകാന്തവാസം അവസാനിപ്പിച്ചതായും സ്ഥിരീകരണമായി. ഏതാനും ദിവസങ്ങൾക്കകം കർമനിരതനായി സർക്കാർ നിർദേശം അനുസരിച്ച് പ്രവർത്തിച്ചുതുടങ്ങുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി.

സർവീസിൽ തിരികെയെത്താൻ സന്നദ്ധത അറിയച്ച 20,000 വരുന്ന വിരമിച്ച നഴ്സുമാരുടെയും ഡോക്ടർമാരുടെയും സേവനം അടുത്തയാഴ്ച മുതൽ എൻഎച്ച്എസിന് ലഭ്യമായി തുടങ്ങും. താൽകാലിക ആശുപത്രികളിലാകും ഇവരുടെ സേവനം മുഖ്യമായും പ്രയോജനപ്പെടുത്തുക.

പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ് രോഗമാണെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ വസതിയിൽനിന്നും ഇറങ്ങിയോടിയ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ് രോഗലക്ഷണങ്ങളെത്തുടർന്ന് ഐസലേഷനിൽ പ്രവേശിച്ചു. പ്രധാനമന്ത്രി ഇപ്പോഴും ഔദ്യോഗിക വസതിയിൽ ഏകാന്തവാസത്തിലാണ്. ടെലികോൺഫറൻസിലൂടെയും മറ്റുമാണ് അദ്ദേഹം ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നത്. ദിവസേനയുള്ള വാർത്താസമ്മേളനങ്ങൾ നടത്തി കാര്യങ്ങൾ വിശദീകരിക്കുന്ന ചുമതല മുതിർന്ന മന്ത്രിമാർക്ക് നൽകി.

രാജ്യത്തെ പ്രമുഖ ബജറ്റ് എയർലൈൻ കമ്പനിയായ ഈസി ജെറ്റ് എല്ലാ സർവീസുകളും ഇന്നലെ മുതൽ താൽകാലത്തേക്ക് നിർത്തി. വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടന്ന നാൽപതിനായിരത്തിലേറെ യാത്രികരെ തിരികെയെത്തിച്ച ശേഷമാണ് ഇവർ സർവീസ് അവസാനിപ്പിച്ചത്. കമ്പനിയുടെ നിരവധി ക്യാബിൻ ക്രൂ അംഗങ്ങൾ എൻഎച്ച്എസിന്റെ താൽകാലിക ആശുപത്രികളിൽ സേവനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ലണ്ടൻ, ബർമിങ്ങാം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ താൽകാലിക ആശുപത്രികൾക്കൊപ്പം ഗ്ലാസ്ഗോയിലെ സ്കോട്ടീഷ് എക്സിബിഷൻ സെന്ററും ആയിരം ബെഡ്ഡുകളുള്ള താൽക്കാലിക ആശുപത്രിയാക്കും.

ഇതിനിടെ ബ്രിട്ടനിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങിനുള്ള നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ സർക്കാർ നടപടി തുടങ്ങി. 25 പേർക്കെതിരേ പിഴശിക്ഷ ചുമത്തിക്കഴിഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here