gnn24x7

കാണാതായ പതിനെട്ടുകാരി കാമുകന്റെ വീട്ടിൽ വീട്ടുകാർപോലുമറിയാതെ ഒളിവിൽ താമസിച്ചത് പത്ത് വർഷം

0
341
gnn24x7

പാലക്കാട്: കാണാതായ പതിനെട്ടുകാരി യുവാവിന്റെ വീട്ടുകാർ പോലും അറിയാതെ യുവാവിന്റെ വീട്ടിൽ ഒളിവിൽ താമസിച്ചത് പത്ത് വർഷം. പത്ത് വർഷത്തിന് ശേഷം ഇരുവരും മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് മാറിയതോടെയാണ് സംഭവം പുറത്തായത്. മൂന്നുമാസം മുന്‍പാണ് ഇവർ വീട്ടില്‍ നിന്നു മാറി താമസിച്ചത്.

2010 ഫെബ്രുവരിയിലാണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. അന്ന് യുവാവിനെ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നെങ്കിലും പോലീസിന് വിവരങ്ങളൊന്നും കിട്ടിയില്ല.

ചെറിയ വീട്ടിലെ ഒറ്റമുറിയില്‍ ശുചിമുറി പോലുമില്ലാതെ മൂന്നു മാസം മുൻപ് വരെ യുവതി യുവാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വീട്ടുകാരറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു നൽകി. മുറി പുറത്തു നിന്നും പൂട്ടിയ ശേഷമാണ് യുവാവ് പുറത്ത് പോയിരുന്നത്.

രാത്രി വീട്ടുകാ‍ര്‍ അറിയാതെയാണ് ശൗചാലയത്തിൽ പോയിരുന്നതെന്ന് ഇരുവരും പോലീസിൽ മൊഴി നൽകി. കഴിഞ്ഞ മാ‍ര്‍ച്ച് മൂന്നിന് യുവാവിനെ കാണാനില്ലെന്ന് പറഞ്ഞു വീട്ടുകാർ പരാതി നൽകി. പിന്നീട് യുവാവിനെ നെന്മാറ കവലയിൽ വെച്ച് സഹോദരൻ കണ്ടതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

പ്രായപൂ‍ര്‍ത്തിയായ തങ്ങൾ ഒരുമിച്ച് ജീവിക്കുകയാണെന്നാണ് ഇരുവരും പോലീസിന് മൊഴി നൽകി. തുടർന്ന് ഇവരെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം വിട്ടയച്ചു.

gnn24x7