gnn24x7

സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നു, സംസ്ഥാന സര്‍ക്കാരിന് ചികത്സാനിരക്ക് നിശ്ചയിച്ച് വിജ്ഞാപനം ഇറക്കാന്‍ കഴിയില്ല: സുപ്രീം കോടതി

0
361
gnn24x7

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീം കോടതി. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ഇത്തരം ആശുപത്രികള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ച് സ്വകാര്യ ആശുപത്രികള്‍ക്കെതിരേ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

മനുഷ്യന്റെ ദുരിതത്തില്‍ വളരുന്ന വ്യവസായമായി ആശുപത്രികള്‍ മാറുകയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ക്ക് അഗ്നിസുരക്ഷ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് മറികടന്ന് ഗുജറാത്ത് സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയിരുന്നു. ഇത്തരം ആനുകൂല്യങ്ങള്‍ കാരണം ജനങ്ങള്‍ പൊള്ളലേറ്റ് ആശുപത്രികളില്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

സംസ്ഥാന സര്‍ക്കാരിന് ചികത്സാനിരക്ക് നിശ്ചയിച്ച് വിജ്ഞാപനം ഇറക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ഇതര രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാതിരിക്കേ സ്വകാര്യ ആശുപത്രികളില്‍ പരിധി നിശ്ചയിച്ച് ഉത്തരവ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

gnn24x7