gnn24x7

യുഎസിൽ അതിശൈത്യം : ശീതക്കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും മരണം 60 കടന്നു

0
135
gnn24x7

ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. യുഎസിൽ 45 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റിൽ മരണം 60 കടന്നു. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്റിമീറ്റർ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മഞ്ഞുപൊതിഞ്ഞിരിക്കയാണ്.

ബഫലോയിൽ മാത്രം 27 പേർ മരിച്ചു. ഏതാനും പേർ കാറുകളിൽ മരിച്ച നിലയിലായിരുന്നു. ഇവിടെ 18 അടി ഉയരത്തിലുള്ള മഞ്ഞുകൂനയിൽ മുങ്ങിയ ഒരു വൈദ്യുതി സബ് സ്റ്റേഷൻ പൂട്ടി. മണിക്കൂറിൽ 64 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന ശീതക്കൊടുങ്കാറ്റു മൂലം ഞായറാഴ്ച മാത്രം 1,707 ആഭ്യന്തര-രാജ്യാന്തര വിമാനസർവീസുകളാണു യുഎസിൽ റദ്ദാക്കിയത്. യുഎസിൽ ഒട്ടേറെ പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്. ആയിരക്കണക്കിനു വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധിയുടെആഴം വർധിപ്പിച്ചു.

ജപ്പാനിൽ അതിശൈത്യം 17 പേരുടെ ജീവൻ കവർന്നു. വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. നൂറുകണക്കിനു പേർക്ക് ഹിമപാതത്തിൽ പരുക്കേറ്റിട്ടുണ്ട്. മരണം ഏറെയും വീടിന്റെ മേൽക്കൂരയിൽ നിന്നു മഞ്ഞുനീക്കുന്നതിനിടെ അപകടത്തിൽ പെട്ടാണ്. വടക്കുകിഴക്കൻ ജപ്പാനിൽ പലയിടത്തും മഞ്ഞുവീഴ്ച മൂന്നിരട്ടി വർധിച്ചെന്നാണു റിപ്പോർട്ട്.കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതൽ മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ വരെ വീശുന്ന ശീതക്കാറ്റ് യുഎസിലെ 60% പേരെയും ബാധിച്ചു. ഈ മേഖലയിൽ അന്തരീക്ഷമർദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണു വിലയിരുത്തൽ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here